സംഘർഷങ്ങൾക്കൊടുവിൽ ഇറാന്‍- യുഎസ് ചർച്ച നടന്നു; ചർച്ച ടെഹ്‌റാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചെന്ന് ഇറാൻ

ചർച്ചകൾ ഇനിയും തുടരാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും അദേഹം കൂട്ടിചേർത്തു

സംഘർഷങ്ങൾക്കൊടുവിൽ ഇറാന്‍- യുഎസ് ചർച്ച നടന്നു; ചർച്ച ടെഹ്‌റാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചെന്ന് ഇറാൻ
dot image

മസ്കറ്റ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാന്‍- യുഎസ് ചർച്ച നടന്നു. ഇന്ന് ഒമാനിൽ വെച്ചായിരുന്നു ചർച്ച നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒമാനിൽ കൂടിക്കാഴ്ച നടത്തി. ടെഹ്‌റാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്.


'ചർച്ചകൾക്ക് ഇതൊരു നല്ല തുടക്കമായിരുന്നു, ആണവ കരാർ സംബന്ധിച്ച് മാത്രമാണ് സംസാരിച്ചതെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ ഇനിയും തുടരാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും അദേഹം കൂട്ടിചേർത്തു. ചർച്ചകൾ ആണവ കരാറിനെ കുറിച്ചാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി സൂചന നൽകി.

എന്നാൽ ചർച്ചയുടെ ആദ്യഘട്ടത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി, മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ സൈനിക സംഘങ്ങളെ പിന്തുണയ്ക്കൽ, അമേരിക്കൻ ജനതയോടുള്ള പെരുമാറ്റം എന്നിവ ചർച്ചയിൽ വെച്ചതായി റിപ്പോർട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ വിഷയങ്ങൾ തള്ളികളഞ്ഞെന്നും വിവിധ വിദേശ മാധ്യമങ്ങൾ റിപ്പോ‍‍‍ർട്ട് ചെയ്തു. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇക്കാര്യം അറിയിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ നയതന്ത്രത്തിൽ ഏർപ്പെടുന്നത് തുല്യനീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ മാത്രമാണെന്നും പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം മുൻ നിർത്തിയുള്ള വിഷയങ്ങൾ മാത്രമേ ചർച്ചയ്ക്ക് എടുക്കൂ എന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ നിലപാട്.

ഇറാന്‍- അമേരിക്ക ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു. പക്ഷേ ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിച്ചത്. ഇറാന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് പല തവണ ഇറാന്‍- അമേരിക്കന്‍ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച ഒമാനില്‍വെച്ച് നടത്താമെന്ന് ഇറാന്‍ ആവശ്യപ്പെട്ടത് എന്നാണ് സൂചന. അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.
Content Highlights: Iran-US talks held after tensions; Iran says talks focused on Tehran's nuclear program

dot image
To advertise here,contact us
dot image