അറബിക്കടലില്‍ യുഎസ് പടക്കപ്പല്‍ ലക്ഷ്യമാക്കി പറന്ന് ഇറാന്‍റെ ഡ്രോണ്‍: വെടിവെച്ചിട്ടെന്ന് യുഎസ് സൈന്യം

'ഇറാന്‍റെ ഷഹേദ്-139 മോഡല്‍ ഡ്രോണാണ് വെടിവെച്ചു വീഴ്ത്തിയത്'

അറബിക്കടലില്‍ യുഎസ് പടക്കപ്പല്‍ ലക്ഷ്യമാക്കി പറന്ന് ഇറാന്‍റെ ഡ്രോണ്‍: വെടിവെച്ചിട്ടെന്ന് യുഎസ് സൈന്യം
dot image

വാഷിംഗ്ടൺ: അറേബിക്കടലില്‍ ഇറാന്‍റെ ഡ്രോണ്‍ വെടിവെച്ചിട്ട് യുഎസ് സേന. യുഎസ് പടക്കപ്പലായ അബ്രഹാം ലിങ്കണിന് നേരെ 'ആക്രമണാത്മകമായി' സമീപിച്ച ഇറാനിയൻ ഡ്രോണിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് അമേരിക്കൻ സൈന്യം വ്യക്തമാക്കുന്നത്. ഇറാന്‍-അമേരിക്ക പ്രശ്നത്തില്‍ പരിഹാരം തേടിയുള്ള ചർച്ചയുടെ സാധ്യതകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഡ്രോണ്‍ ആക്രമണമുണ്ടാകുന്നത്.

'ഇറാന്‍റെ ഷഹേദ്-139 മോഡല്‍ ഡ്രോണാണ് വെടിവെച്ചു വീഴ്ത്തിയത്. ഇറാന്‍റെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന വിമാനവാഹിനി കപ്പലിന് നേരെ ഡ്രോണ്‍ 'അവ്യക്തമായ ഉദ്ദേശ്യത്തോടെ'സമീപിച്ചു. അമേരിക്കൻ സേന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടർന്നും ഡ്രോണ്‍ കപ്പല്‍ ലക്ഷ്യമാക്കി വന്നതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് വെടിവെച്ച് വീഴ്ത്തിയത്' യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35സി (F-35C) സ്റ്റെൽത്ത് ഫൈറ്റർ ജെറ്റാണ് ഡ്രോണിനെ നശിപ്പിച്ചത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റില്ലെന്നും യുഎസ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായില്ലെന്ന് ഹോക്കിൻസ് വ്യക്തമാക്കി. സംഘർഷം സാഹചര്യം പുതിയ തലത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയെ തുടർന്ന് ഈ സംഭവത്തിന് പിന്നാലെ എണ്ണവിലയിൽ അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരലിന് 1 ഡോളറിലധികം വർധനവുണ്ടായി.

അതേസമയം, അമേരിക്കന്‍ ഭരണകൂടം ഇറാനുമായുള്ള ചർച്ചകൾക്കായി പ്രത്യേക ദൂതനെ നിയോഗിച്ചിരുന്നു. ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്ന് അമേരിക്ക വ്യക്തമാക്കുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങള്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീർണമാക്കുമോ എന്ന ആശങ്കയും ശക്തമാണ്. മറുവശത്ത്, ഇറാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. മേഖലയിലെ സമാധാന ശ്രമങ്ങൾക്കിടയിലും ഇത്തരം സംഭവങ്ങൾ തുടരുന്നത് അന്താരാഷ്ട്ര സമൂഹത്തിലും ആശങ്കയുണ്ടാക്കുന്നു.

Content Highlights: US military said it shot down an Iranian drone after it flew toward a US warship in the Arabian Sea

dot image
To advertise here,contact us
dot image