ട്രംപിന് തന്‍റെ നൊബേല്‍ സമ്മാനം നല്‍കി മച്ചാഡോ, നന്ദി പറഞ്ഞ് യു എസ് പ്രസിഡന്റ്

വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം

ട്രംപിന് തന്‍റെ നൊബേല്‍ സമ്മാനം നല്‍കി മച്ചാഡോ, നന്ദി പറഞ്ഞ് യു എസ് പ്രസിഡന്റ്
dot image

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കിയെന്ന് നൊബേല്‍ സമ്മാന ജേതാവും വെനസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് തന്റെ നൊബേല്‍ സമ്മാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.

ട്രൂത്ത് പോസ്റ്റിലൂടെ നൊബേല്‍ സമ്മാനത്തിന്റെ വിവരം ട്രംപും പങ്കുവെച്ചിട്ടുണ്ട്. 'മരിയ കൊരിന മച്ചാഡോയെ കാണാന്‍ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവര്‍ ഒരു അസാധ്യ സ്ത്രീയാണ്. ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി മരിയ എനിക്ക് അവരുടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൈമാറി. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണിത്. നന്ദി മരിയ', ട്രംപ് കുറിച്ചു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധിനിവേശത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപും മച്ചാഡോയും തമ്മിലുള്ള കൂടിക്കാഴ്ച. താന്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുരസ്‌കാരം മച്ചാഡോയ്ക്ക് ലഭിച്ചപ്പോള്‍ ട്രംപ് അതൃപ്തി പ്രകടമാക്കിയിരുന്നു.

എന്നാല്‍ ട്രംപിന് സമാധാന പുരസ്‌കാരം കൈമാറാന്‍ താല്‍പര്യമുണ്ടെന്ന് മച്ചാഡോ കഴിഞ്ഞ ആഴ്ച താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ നൊബേല്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അത് പിന്‍വലിക്കാനോ പങ്കുവെക്കാനോ കൈമാറാനോ സാധിക്കില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നൊബേലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Content Highlights: María Corina Machado says she presented Nobel Prize for peace to Donald Trump

dot image
To advertise here,contact us
dot image