പുതുവർഷ ആഘോഷങ്ങള്‍ക്കിടെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഉണ്ടായ സ്‌ഫോടനം; അട്ടിമറി സാധ്യത തള്ളി അധികൃതർ

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി പൊലീസ് അറിയിച്ചു

പുതുവർഷ ആഘോഷങ്ങള്‍ക്കിടെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഉണ്ടായ സ്‌ഫോടനം; അട്ടിമറി സാധ്യത തള്ളി അധികൃതർ
dot image

ബേൺ: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരിക്കുകയും നൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സ്‌ഫോടനത്തില്‍ മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും വിദേശികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് റിസോർട്ടിലെ സ്ഫോടനത്തെ സ്വിസ് പ്രസിഡന്റ് ഗയ് പർമേലിൻ വിലയിരുത്തിയത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ സമയം എടുക്കുമെന്നാണ് അധികൃതർ വിശദമാക്കി.

പുതുവർഷ ആഘോഷത്തിനായി നിരവധി പേർ ഒത്തു ചേർന്ന ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. പുലർച്ചെ 1.30ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. പുതുവർഷ ആഘോഷങ്ങൾക്കിടെ റിസോർട്ടിലെ ബാറായ ലേ കോൺസ്റ്റലേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ 40 പേർ മരിക്കുകയും നൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രികളിലും ഇൻ്റൻസീവ് കെയർ യൂണിറ്റിലേക്കും മാറ്റിയെന്നും കൗൺസിലർ മാത്യാസ് റെനാർഡ് പറഞ്ഞു. ആഘോഷത്തിനിടെ പടക്കംപൊട്ടിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് ചില സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.

Content Highlight : Explosion in Switzerland during New Year's celebrations; authorities rule out possibility of sabotage

dot image
To advertise here,contact us
dot image