

2025 ൽ മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായെന്ന് ഫിലിം ചേംബര്‍. പുറത്തിറങ്ങിയ 185 സിനിമകളിൽ 150 എണ്ണവും പരാജമായിരുന്നുവെന്നും ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കിൽ പറയുന്നു. 9 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റ് ഗണത്തിലും പതിനാറ് ചിത്രങ്ങള്‍ ഹിറ്റ് ഗണത്തിലും ഉള്‍പ്പെടുന്നു. തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'2025, മലയാള സിനിമയെ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു. 185-ഓളം പുതിയ ചിത്രങ്ങളാണ് ഈവർഷം തിയേറ്ററിൽ റിലീസ് ചെയ്‌തത്. എന്നാൽ ഇതിൽ എത്ര ചിത്രങ്ങൾലാഭമുണ്ടാക്കി? എത്ര കോടി രൂപയാണ് ഇൻഡസ്ട്രിക്ക് നഷ്ടം സംഭവിച്ചത്? മലയാള സിനിമയുടെ 2025-ലെ ബോക്സസ് ഓഫീസ് റിപ്പോർട്ടിലേക്ക് നമുക്കൊന്ന് തിരിഞ്ഞ് നോക്കാം.
185 സിനിമകൾ കൂടാതെ എട്ട് റീ റിലീസ് ചിത്രങ്ങളും പോയവർഷത്തിൽ തീയറ്ററിൽ പ്രദർശിപ്പിച്ചു. പുതിയ ചിത്രങ്ങളുടെ മുതൽമുടക്ക് 860 കോടി രൂപയോളം വരും. അതിൽ 9 ചിത്രങ്ങൾ സൂപ്പർ ഹിറ്റ് എന്ന ഗണത്തിലും, 16 ഓളം ചിത്രങ്ങൾ ഹിറ്റ് എന്ന ഗണത്തിലും, തിയേറ്റർ വരുമാനംലഭിച്ച കണക്കുകൾപ്രകാരംവിലയിരുത്താം.കൂടാതെ തീയറ്റർ റിലീസ് ചെയ്ത് ആവറേജ് കളക്ഷൻ ലഭിക്കുകയും OTT വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങൾ കൂടി മുടക്ക് മുതൽ തിരികെ ലഭിച്ചതായി കണക്കാക്കാം.
150 ഓളം ചിത്രങ്ങൾ തിയറ്ററിൽ പരാജയപ്പെട്ടതായി വിലയിരുത്താം. മുടക്കുമുതൽ തിരികെ ലഭിച്ചതും ലാഭം ലഭിച്ചതുമായി ചിത്രങ്ങൾ ഒഴിച്ചു നിർത്തിയാൽ മലയാള ചലച്ചിത്ര വ്യവസായത്തിന് 530കോടി നഷ്ടം സംഭവിച്ച വർഷമാണ് 2025. 2025 ൽ റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും 8 പഴയ മലയാള ചിത്രങ്ങൾ റീ റീലീസ് ചെയ്‌തതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചത്.
2025 നേ സംബന്ധിച്ച് ഇൻഡസ്ട്രി ഹിറ്റുകളായ ഏതാനും ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടത്തിൻ്റെ കണക്ക് തന്നെയാണ് മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ബാക്കി പത്രം. വ്യത്യസ്‌തമായ പ്രമേയങ്ങളാണ് പ്രേക്ഷകർക്ക് സ്വീകാര്യം എന്നത് പല ചിത്രങ്ങളുടെയും വിജയം സൂചിപ്പിക്കുന്നുണ്ട് . 2026 സംബന്ധിച്ചിടത്തോളം ഒരുപിടി മികച്ച ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നതാണ് മലയാള സിനിമയെ സംബന്ധിച്ചുള്ള പ്രതീക്ഷ,' കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
Content Heighlights: Malayalam cinema to lose Rs 530 crore in 2025; Film Chamber releases figures