'യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സങ്കീർണമായ പ്രശ്നങ്ങളുണ്ട്, എങ്കിലും ചർച്ചകൾ ഫലപ്രദം'; ട്രംപ്

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ച്ച ഫലപ്രദമെന്ന് ഡോണൾഡ് ട്രംപ്

'യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സങ്കീർണമായ പ്രശ്നങ്ങളുണ്ട്, എങ്കിലും ചർച്ചകൾ ഫലപ്രദം'; ട്രംപ്
dot image

ഫ്‌ളോറിഡ: റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. 20 ഇന സമാധാന പദ്ധതിയിന്മേലാണ് ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച്ച നടന്നത്. ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടിലായിരുന്നു ചര്‍ച്ച.

'വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലുതും മാരകവുമായ യുദ്ധമായി റഷ്യ- യുക്രൈന്‍ യുദ്ധം കണക്കാക്കപ്പെടുന്നു. ഇത് അവസാനിപ്പിക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ഒന്നോ രണ്ടോ സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ചര്‍ച്ചകളെല്ലാം ഫലപ്രദമായി മുന്നോട്ട് പോകുന്നു എന്നാണ് എന്റെ നിഗമനം. ഡോണ്‍ബാസില്‍ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. അത് സങ്കീര്‍ണമായ വിഷയമാണ്. പക്ഷെ പരിഹരിക്കാനാവുമെന്ന് കരുതുന്നു.' ചര്‍ച്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് രണ്ട് മണിക്കൂര്‍ ഫോണ്‍ സംഭാഷണം നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഫിന്‍ലന്‍ഡ് പ്രസിഡന്‌റ് അലക്‌സാണ്ടര്‍ സ്റ്റബ്, പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്‌റോക്കി, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവരുമായി ഫോണില്‍ സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.

20 ഇന സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചയില്‍ സുപ്രധാന ഫലങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. സമാധാന പദ്ധതിയിലെ 90 ശതമാനത്തിലും ധാരണയായി. ഇനിയുള്ള നടപടി ക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. ചര്‍ച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രൈന്‍, യുഎസ് പ്രതിനിധികളുടെ കൂടിക്കാഴ്ച്ച അടുത്ത ആഴ്ച്ച നടക്കുമെന്നും സെലൻസ്കി വ്യക്തമാക്കി. ഒരു മാസത്തിലേറെയായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഉപദേഷ്ടാവായ ജാറദ് കഷ്‌നര്‍ എന്നിവര്‍ക്ക് സെലന്‍സ്‌കി നന്ദി പറഞ്ഞു.

Content Highlight; There are some complicated issues with ending the war, but Talks Are Productive: Trump

dot image
To advertise here,contact us
dot image