ലൈവ്-ഫയർ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന; ഒരു ലക്ഷത്തോളം വിമാനയാത്രക്കാരെ ബാധിക്കുമെന്ന് തായ്‌വാൻ

സൈനികർ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കി യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചൈനയുടെ ലൈവ്-ഫയർ സൈനിക അഭ്യാസം

ലൈവ്-ഫയർ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന; ഒരു ലക്ഷത്തോളം വിമാനയാത്രക്കാരെ ബാധിക്കുമെന്ന് തായ്‌വാൻ
dot image

ബീജിംഗ്: തായ്‌വാന്‌ ചുറ്റും വലിയ തോതിലുള്ള ലൈവ്-ഫയർ സൈനികാഭ്യാസങ്ങൾ ആരംഭിച്ച് ചൈന. 'ജസ്റ്റിസ് മിഷൻ 2025' എന്ന പേരിൽ തിങ്കളാഴ്ച ആരംഭിച്ച ഈ അഭ്യാസങ്ങൾ ചൊവ്വാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്. സൈനികർ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, പീരങ്കി യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ചൈനയുടെ ലൈവ്-ഫയർ സൈനിക അഭ്യാസം. കരയിലെയും സമുദ്രത്തിലെയും ലക്ഷ്യങ്ങൾക്കെതിരായ സിമുലേറ്റഡ് ആക്രമണങ്ങൾ ഈ അഭ്യാസങ്ങളിൽ ഉൾപ്പെടുന്നതാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ)യുടെ സൈനികാഭ്യാസം.

തായ്‌വാൻ കടലിടുക്കിന്റെ വടക്കും തെക്ക് പടിഞ്ഞാറും ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അഭ്യാസം നടക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാന തുറമുഖങ്ങളെ ഉപരോധിക്കാനും ദ്വീപിനെ പൂർണ്ണമായ വളയാനും കഴിയുന്ന സംയുക്ത പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിശീലിപ്പിക്കുന്ന വിധത്തിലാണ് ഈ അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പിഎൽഎയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഡസൻ കണക്കിന് ചൈനീസ് സൈനിക വിമാനങ്ങളെയും കപ്പലുകളെയും ദ്വീപിന് സമീപം കണ്ടെത്തിയതായാണ് തായ്‌വാൻ്റെ ദേശീയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇവയിൽ ചിലത് തായ്‌വാൻ്റെ 24 നോട്ടിക്കൽ മൈൽ അടുത്തേയ്ക്ക് മനഃപൂർവ്വം അടുക്കുന്നതായും തായ്‌വാൻ ആരോപിച്ചിട്ടുണ്ട്. ചൈനയുടെ യുക്തിരഹിതമായ പ്രകോപനങ്ങളെ ശക്തമായി അപലപിക്കുന്നതായും തായ്‌വാൻ്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പി‌എൽ‌എ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്നു. പെട്ടെന്ന് പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും ദ്വീപിനെ പ്രതിരോധിക്കാനും അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനും തായ്‌വാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

ചൈനീസ് സൈനികാഭ്യാസങ്ങൾ വ്യോമ ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്നും തായ്‌വാൻ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച 1,00,000-ത്തിലധികം അന്താരാഷ്ട്ര യാത്രക്കാരെയും 6,000-ത്തോളം ആഭ്യന്തര യാത്രക്കാരെയും ഇത് ബാധിക്കുമെന്നാണ് തായ്‌വാൻ ഗതാഗത മന്ത്രാലയം അറിയിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര വിമാനങ്ങൾ സൈനിക അഭ്യാസം നടക്കുന്ന അപകട മേഖലകളിൽ നിന്ന് വഴിതിരിച്ചു വിടുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2022 മുതൽ തായ്‌വാനെ ചുറ്റി ചൈന നടത്തുന്ന ആറാമത്തെ പ്രധാന യുദ്ധ പരിശീലനമാണിത്. തായ്‌വാനായി 11.1 ബില്യൺ യുഎസ് ഡോളറിന്റെ റിക്കോർഡ് ആയുധ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ച് 11 ദിവസം പിന്നിടുമ്പോഴാണ് ചൈനയുടെ സൈനികാഭ്യാസമെന്നതാണ് ശ്രദ്ധേയം. തായ്‌വാൻ സേനയ്‌ക്കുള്ള 'ഗുരുതരമായ മുന്നറിയിപ്പ്' എന്നാണ് ചൈനീസ് വക്താവ് ഈ സൈനികാഭ്യാസങ്ങളെ വിശേഷിപ്പിച്ചത്. ചൈനയുടെ ഫുജിയാൻ തീരത്തെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിവുള്ള ഹിമാർസ് റോക്കറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ യുഎസ് നൽകുന്ന ആയുധങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ഇതിനുള്ള തായ്‌വാനീസ് പ്രതിരോധ മന്ത്രാലയത്തിൻ്റെ മറുപടി.

Content Highlights: China has launched large-scale live-fire military exercises around Taiwan

dot image
To advertise here,contact us
dot image