

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന സൈലം അവാർഡ്സിനിടയിൽ ബേസിലിന്റെ അധ്യാപകൻ ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ, മന്ത്രി ബിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുത്തത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. " മിനിസ്റ്ററേ… മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?" പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നു. എന്റെ ക്ലാസ്സിലെ ബെഞ്ചിലിരുന്ന ബേസിലിൽ നിന്ന് മലയാളികളുടെ മനസ്സിൽ ഇരിക്കുന്ന ബേസിലിനെയാണ് കാണുന്നത്. അതിൽ വലിയ സന്തോഷം ഉണ്ട്,' എന്നാണ് അധ്യാപകൻ പറയുന്നത്.
അതേസമയം, ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന അതിരടി എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബേസിൽ ജോസഫ് സിനിമയ്ക്കായി ചുള്ളൻ വേഷത്തിലാണ് എത്തുന്നത്. അതിരയിൽ ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകളും വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. 2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്.
കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് ബേസിലും വിനീതും ടൊവിനോയും അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും പരസ്പരമുള്ള പോരുമെല്ലാം ചിത്രത്തിൽ വിഷയമാകുമെന്നാണ് പ്രതീക്ഷ. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.
Content Highlights: The teacher remembered the question Basil asked the minister.