

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെക്കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന് ഒന്നും അറിയില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. മുഹമ്മദ് ബിന്‍ സല്‍മാനുമായുളള കൂടിക്കാഴ്ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'അദ്ദേഹത്തിന് ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നമ്മുടെ അതിഥിയെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട' എന്നാണ് ട്രംപ് പറഞ്ഞത്. സിഎഎ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രസ്താവന. ഖഷോഗിയുടെ കൊലപാതകം വേദനാജനകമാണെന്നും വലിയ തെറ്റാണെന്നും മുഹമ്മദ് ബിന്‍ സല്‍മാനും മറുപടി നല്‍കി.
അതേസമയം, ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് സൗദി കിരീടാവകാശി അമേരിക്ക സന്ദര്‍ശിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍- ട്രംപ് കൂടിക്കാഴ്ച്ചയില്‍ സൗദി യുഎസില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ തീരുമാനമായി. എഐ, പ്രതിരോധ, ആണവ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും. സൗദിക്ക് എഫ് 35 വിമാനം നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് സിഎഎ ഉള്‍പ്പെടെയുളള യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൗദി അറേബ്യ അന്ന് അദ്ദേഹത്തിന്റെ പങ്ക് നിഷേധിക്കുകയായിരുന്നു. കേസില്‍ അന്ന് അഞ്ച് പൗരന്മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഖഷോഗിയുടെ ബന്ധുക്കള്‍ മാപ്പുനല്‍കിയെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ തടവുശിക്ഷയായി കുറയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: Saudi crown prince not involved in killing of Jamal Khashoggi: Trump contradicts CAA report