

ജറുസലേം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ കസ്റ്റഡിയില്‍ മരിച്ചത് തൊണ്ണൂറ്റിനാലോളം പലസ്തീനികളെന്ന് ഇസ്രയേല്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ തടവുകാരും ബന്ദികളും ഉള്‍പ്പെടുമെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ ആക്രമണം നടന്ന 2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പത്തുവര്‍ഷത്തിന് മുമ്പ് ഇസ്രയേല്‍ കസ്റ്റഡിയില്‍ മരണമടഞ്ഞത് 30ഓളം പലസ്തീനികളാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം നിയമാനുസൃതമായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് പറയുന്നത്. ഇസ്രയേല്‍ ജയിലുകളില്‍ വ്യവസ്ഥാപിതമായ കൊലപാതകങ്ങളും മറച്ചുവെക്കലുകളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. മറ്റുള്ളവരുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന്റെ പ്രതികരണം.
നിയമാനുസൃതമായാണ് എല്ലാ ജയില്‍പുള്ളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ആരോഗ്യ സംരക്ഷണം, വൃത്തി, മതിയായ മറ്റ് ജീവിത സാഹചര്യങ്ങള്‍ എന്നിവ കൃത്യമായി സ്റ്റാഫുകള്‍ നടപ്പാക്കുന്നുണ്ടെന്നും ഇസ്രയേല്‍ ജയില്‍ അധികൃതര്‍ ബിബിസിയോട് പ്രതികരിച്ചു. മതിയായ കുറ്റങ്ങളൊന്നും ചുമത്താതെ ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും നിരവധി പേരെ ഇസ്രയേല്‍ തടവിലാക്കിയിരുന്നു. സുരക്ഷാ തടവുകാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തടവിലാക്കപ്പെട്ട പലസ്തീനികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രയേല്‍ ആരോപിക്കുന്നു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടപെടലടക്കം ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. മാത്രമല്ല കസ്റ്റഡിയിലുള്ള പലസ്തീനികളെ കുറിച്ചുള്ള വിവരങ്ങള്‍ റെഡ് ക്രോസിന് അടക്കം നല്‍കുന്ന നടപടിയും ഇസ്രയേല്‍ അധികൃതര്‍ അവസാനിപ്പിച്ചിട്ടുണ്ട്.
ബന്ദികളായവര്‍ നല്‍കിയ സാക്ഷിമൊഴി, ഇവരുടെ ബന്ധുക്കളും അഭിഭാഷകരും നല്‍കിയ പ്രസ്താവന, മറ്റ് മനുഷ്യാവകാശ സംഘടനകളുടെ രേഖകള്‍, ചില ആളുകളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ രണ്ടുവര്‍ഷത്തിനിടയില്‍ മരിച്ച 52 പേര്‍ സൈനിക ജയിലില്‍ കഴിഞ്ഞിരുന്നവരാണ്. ബാക്കി 42 പേര്‍ ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന് കീഴിലുള്ള സിവിലിയന്‍ ജയിലിലാണ് മരിച്ചത്. ശാരീരികമായി ഉണ്ടായ അതിക്രമം, ചികിത്സ നിഷേധിക്കല്‍ എന്നിവയോ ഇതുരണ്ടുമോ ആണ് തടവുകാരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗാസിയിലെ തെയ്മാന്‍ സൈനിക ജയിലിലാണ് ഏറ്റവും കൂടുതല്‍ പലസ്തീനികള്‍ മരണമടഞ്ഞത്. ഇവിടെ മരിച്ചവരുടെ എണ്ണം 29ാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിൽ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് പലസ്തീന്‍ തടവുകാരന്റെ മലധ്വാരത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ച് ഇസ്രയേസലി സൈനികര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് എതിരെയുള്ള അന്വേഷണങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെട്ട പലസ്തീനികളുടെ എണ്ണം രേഖകളില്‍ ഉള്ളതിനെക്കാള്‍ അധികമായിരിക്കുമെന്നാണ് നിഗമനം. ഗാസയില്‍ നിന്നടക്കം പിടികൂടിയ പലസ്തീനികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്ന വാദമാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ജയിലില്‍ മരിച്ച പലസ്തീനികളില്‍ പല രോഗങ്ങള്‍ ബാധിച്ചവരും പരിക്കേറ്റവരുമുണ്ടെന്നും എല്ലാ മരണങ്ങളിലും സൈനിക പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് ഐഡിഎഫിന്റെ പ്രതികരണം.
Content Highlights: Atleast 94 Palestinians died in Israeli Prisons in last two years