
ആംസ്റ്റര്‍ഡാം: ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി (ഐസിജെ). ഗാസ മുനമ്പില്‍ ഐക്യരാഷ്ട്ര സഭ നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇസ്രായേല്‍ പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നെന്നും കോടതി വിമര്‍ശിച്ചു.
യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കെതിരെ ഇസ്രയേല്‍ ഉന്നയിച്ച ആരോപണത്തിനെതിരെയും ഐസിജെ ആഞ്ഞടിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ ഹമാസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ഇസ്രയേലിന്റെ ആരോപണത്തിന് തെളിവുകള്‍ ഒന്നും നല്‍കാന്‍ സാധിച്ചില്ലെന്ന് ഐസിജെ പ്രസിഡന്റ് യുജി ഇവസാവ പറഞ്ഞു. യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാര്‍ ഹമാസ് പ്രവര്‍ത്തകരാണെന്നതിനും തെളിവ് ഹാജരാക്കാന്‍ ഇസ്രായേല്‍ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കോടതി നടപടിക്കെതിരെ ഇസ്രയേല്‍ രംഗത്തെത്തി. ഐസിജെയുടെ പരാമര്‍ശം നാണക്കേടുണ്ടാക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാന്നി ഡാനന്‍ പ്രതികരിച്ചു. യുഎന്‍ സ്ഥാപനങ്ങള്‍ തീവ്രവാദികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. കോടതി നടപടി പ്രക്രിയകളില്‍ ഹാജരാകാതിരുന്ന ഇസ്രയേല്‍ രേഖാമൂലം അഭിപ്രായങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്.
അതേസമയം വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടരുകയും സഹായങ്ങള്‍ തടയുകയും ചെയ്യുകയാണ്. ഗസ്സയിലേക്ക് സഹായം കടത്തിവിടാനുള്ള റഫ അതിര്‍ത്തിയും ഇസ്രയേല്‍ തുറന്ന് നല്‍കിയിട്ടില്ല.
Content Highlights: International Court of Justice against Israel