ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന ട്രംപിന്റെ വാദത്തെ തള്ളി ഖാംനഇ; പിന്നാലെ കരാറില്‍ നിന്നും പിന്‍മാറി

പിന്നാലെ ആണവവിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു.

ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന ട്രംപിന്റെ വാദത്തെ തള്ളി ഖാംനഇ; പിന്നാലെ കരാറില്‍ നിന്നും പിന്‍മാറി
dot image

ടെഹ്‌റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ട്രംപിന്റെ സ്വപ്നം മാത്രമാണ് അതെന്നും ഖാംനഇ പരിഹസിച്ചു. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാന്‍ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും അവ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.

പിന്നാലെ ആണവവിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു. ജൂണില്‍ ഇറാനും യുഎസും അഞ്ചു വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങളെല്ലാം തകര്‍ത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്.

ഖാംനഇയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാര്‍ റദ്ദാക്കിയതായി ഇറാന്‍ സ്ഥിരീകരിച്ചു. ഐഎഇഎയുമായി സെപ്റ്റംബറില്‍ ഒപ്പുവെച്ച സഹകരണ കരാര്‍ ആണ് റദ്ദാക്കിയത്. ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

ഐക്യരാഷ്ട്രസംഘടന ഇറാനെതിരെ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചാല്‍ ഐഎഇഎയ്ക്ക് തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന പുനരാരംഭിക്കാന്‍ അനുവദിക്കുന്ന കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Ayatollah Ali Khamenei rejects Trump’s offer for nuclear talks

dot image
To advertise here,contact us
dot image