ഗാസയിലെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ പൂര്‍ണമായും ഇല്ലാതാക്കും; ഹമാസിനെതിരെ വീണ്ടും ട്രംപ്

ഹമാസ് സമാധാനത്തിന് തയ്യാറാണോയെന്ന് ഉടന്‍ അറിയാമെന്നും ട്രംപ്

ഗാസയിലെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ പൂര്‍ണമായും ഇല്ലാതാക്കും; ഹമാസിനെതിരെ വീണ്ടും ട്രംപ്
dot image

വാഷിങ്ടണ്‍: ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ ജേക്ക് ടാപ്പറിന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

തന്റെ സഖ്യകക്ഷിയായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് അതേയെന്നായിരുന്നു ട്രംപിന്റെ മറുപടി. ഹമാസ് സമാധാനത്തിന് തയ്യാറാണോയെന്ന് ഉടന്‍ അറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹമാസിന് മുന്നറിയിപ്പുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്നായിരുന്നു ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചത്.

'ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും!', അദ്ദേഹം കുറിച്ചു.

അതേസമയം ഗാസ സമാധാന കരാറില്‍ നാളെ ഈജിപ്തില്‍ ചര്‍ച്ച നടക്കും. അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും. 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്ന് മാത്രം 19 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പട്ടിണി കാരണം ഒരാള്‍ കൂടി ഇന്ന് മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Donald Trump again threatened Hamas on Gaza plan

dot image
To advertise here,contact us
dot image