ഗ്രെറ്റയെ ഇസ്രയേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു, മർദ്ദിച്ചു:സൈന്യത്തിൻ്റെ ക്രൂരത വെളിപ്പെടുത്തി ആക്ടിവിസ്റ്റുകൾ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പമാണ് ഗ്രെറ്റ യാത്ര ചെയ്‌തിരുന്നത്

ഗ്രെറ്റയെ ഇസ്രയേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു, മർദ്ദിച്ചു:സൈന്യത്തിൻ്റെ ക്രൂരത വെളിപ്പെടുത്തി ആക്ടിവിസ്റ്റുകൾ
dot image

ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പോയ ഫ്ലോട്ടിലകളിൽ ഉണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ ഇസ്രയേൽ നേരിട്ടത് അതിക്രൂരമായെന്ന് വെളിപ്പെടുത്തൽ. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെ ഇസ്രയേലി സൈനികർ മുടിയിൽ പിടിച്ചുവലിച്ചെന്നും ഇസ്രയേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ഗ്രെറ്റയെ ഇസ്രയേൽ സൈന്യം മർദ്ദിക്കുന്നുണ്ടായിരുന്നുവെന്നും ഗ്രെറ്റയെ അവർ ഇസ്രയേൽ പതാക പുതപ്പിച്ചുവെന്നും അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ആക്ടിവിസ്റ്റുകൾ ഇസ്രയേൽ ക്രൂരത വിവരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പമാണ് ഗ്രെറ്റ യാത്ര ചെയ്‌തിരുന്നത്. ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് ഇസ്രയേൽ പിടിച്ചെടുത്തത്. ഗ്രെറ്റയും ഒപ്പമുള്ള ആക്ടിവിറ്റിസ്റ്റുകളെയും ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെയാണ് ഗ്രെറ്റയ്ക്ക് മർദ്ദനമേൽക്കേണ്ടിവന്നത് എന്നാണ് റിപ്പോർട്ടുകൾ.

മലേഷ്യൻ ആക്ടിവിസ്റ്റായ ഹസ്വാമി ഹെൽമി, അമേരിക്കൻ ആക്ടിവിസ്റ്റായ വിൻഡ്‌ഫീൽഡ് ബീവർ എന്നിവരാണ് ഗ്രെറ്റയ്ക്ക് നേരിടേണ്ടിവന്ന സാഹചര്യങ്ങൾ പുറംലോകത്തോട് വെളിപ്പെടുത്തിയത്. വെള്ളവും ഭക്ഷണവും തന്നില്ല. 32 മണിക്കൂറോളമാണ് എല്ലാവരും പട്ടിണി കിടന്നത്. നടന്നത് ഒരു ദുരന്തമായിരുന്നുവെന്നും മൃഗങ്ങളെപ്പോലെയാണ് ഇസ്രയേൽ സൈന്യം തങ്ങളെ കണ്ടതെന്നുമാണ് ഇരുവരും റോയ്‌റ്റേഴ്സിനോട് പറഞ്ഞത്. ഗ്രെറ്റയോട് വളരെ മോശമായാണ് സൈന്യം പെരുമാറിയതെന്നും ഇസ്രയേൽ ദേശീയ സുരക്ഷ മന്ത്രിയുടെ മുറിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

ഗ്രെറ്റ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞതിൽ ഇസ്രയേലിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. 40 ഫ്ലോട്ടിലകളെയാണ് ഇത്തരത്തിൽ ഇസ്രയേൽ സൈന്യം തടഞ്ഞത്. 450ലധികം ആക്ടിവിസ്റ്റുകൾ ഇപ്പോഴും പിടിച്ചുവെച്ചിരിക്കുകയാണ് വിവരം.

പിടിച്ചുവെക്കപ്പെട്ട ആക്ടിവിസ്റ്റുകൾ സുരക്ഷിതരും പൂർണ ആരോഗ്യവാന്മാരുമാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന ആക്ടിവിസ്റ്റുകൾ ഇങ്ങനെ പറഞ്ഞുവിടുന്ന പ്രക്രിയയെ മനപ്പൂർവം തടസപ്പെടുത്തുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.

ഫ്ലോട്ടിലകളിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ മനുഷ്യാവകാശ പ്രവർത്തകരോടും ഇസ്രയേൽ വളരെ മോശമായാണ് പെരുമാറിയത് എന്നും റിപ്പോർട്ടുകളുണ്ട്. 26 ഇറ്റാലിയൻ പൗരന്മാരെയാണ് നാടുകടത്തിയത്. ബാക്കി 15 പേർ ഇസ്രയേലിന്റെ പക്കലാണെന്നും മാന്യമായ ഇടപെടൽ ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറ്റലി വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു. ഇസ്രയേൽ തടഞ്ഞുവെച്ചവരിൽ നാല് പാർലമെന്റേറിയന്മാരുമുണ്ട്. തങ്ങളെ തടഞ്ഞുവെക്കുകയായിരുന്നുവെന്നും മൃഗീയമായാണ് പെരുമാറിയത് എന്നും അവർ പറഞ്ഞു. ഫ്രീ പലസ്തീൻ മുദ്രാവാക്യം മുഴക്കിയപ്പോൾ അതിന്റെ ദേഷ്യത്തിൽ നാലും അഞ്ചും മണിക്കൂർ തങ്ങളെ മുട്ടുകുത്തി നിർത്തിച്ചെന്നും അവർ പറഞ്ഞു.

Content Highlights:greta thunberg mistreated by israel, says activists

dot image
To advertise here,contact us
dot image