
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. ഒരാള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. പള്ളിയിലേക്ക് വാഹനം ഓടിച്ചെത്തിയ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ ഇയാള്‍ പള്ളിക്ക് തീയിടുകയായിരുന്നു. നിരവധി പേര്‍ പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പള്ളിയിൽ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കിയിട്ടില്ല.
സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. സാഹചര്യം വിലയിരുത്തിയെന്നും എഫ്ബിഐ സംഘം ഉടനടി സ്ഥലത്തെത്തിയെന്നും ട്രംപ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നല്‍കും. അമേരിക്കയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമമായി വേണം ഇതിനെ വിലയിരുത്താന്‍. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് അറുതിവേണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlights- One dead, 9 injured in US church firing incident