12 മണിക്കൂർ നീണ്ട റഷ്യൻ ആക്രമണം; രോഗിയുൾപ്പെടെ യുക്രെയ്‌നിൽ 4 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് സെലൻസ്കി

600ഓളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് നടന്ന ആക്രമണം യുക്രെയ്‌നിലെ ഏഴ് സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണുണ്ടായത്

12 മണിക്കൂർ നീണ്ട റഷ്യൻ ആക്രമണം; രോഗിയുൾപ്പെടെ യുക്രെയ്‌നിൽ 4 പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് സെലൻസ്കി
dot image

കീവ്: പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന റഷ്യന്‍ ബോംബാക്രമണത്തില്‍ യുക്രെയ്‌നില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 70 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 12 വയസുള്ള പെണ്‍കുട്ടിയും കീവിലെ കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു നഴ്‌സും രോഗിയും ഉൾപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 600ഓളം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് നടന്ന ആക്രമണം യുക്രെയ്‌നിലെ ഏഴ് സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണുണ്ടായത്. അടുത്ത മാസങ്ങള്‍ക്കിടയിലുണ്ടായ വലിയ ആക്രമണമാണിത്.

അതേസമയം റഷ്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയ്ക്ക് കൊലപാതകവും ആക്രമണവും തുടരാനാണ് ആഗ്രഹമെന്നാണ് ഈ നീചമായ ആക്രമണം കാണിക്കുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. 'ഓട്ടോമൊബൈല്‍ റബ്ബര്‍ ഫാക്ടറി, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവ ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ശക്തമായ പ്രതികരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി നടക്കുന്ന അവസാന ആഴ്ചയാണ് ഈ ആക്രമണം നടന്നത്. റഷ്യ ഇങ്ങനെയാണ് അവരുടെ നിലപാട് പ്രഖ്യാപിക്കുന്നത്', സെലന്‍സ്‌കി പറഞ്ഞു.

ആക്രമണത്തില്‍ രാജ്യത്തുടനീളം 100ഓളം സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നെന്ന് പ്രതിരോധ മന്ത്രി ഇഗോര്‍ ക്ലിമെങ്കോ പറഞ്ഞു. യുക്രെയ്‌നിന്റെ സായുധ സേനയെ സഹായിക്കുന്ന സൈനിക സൗകര്യങ്ങളെയും മറ്റുമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നാണ് റഷ്യ പറയുന്നത്. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടയുടന്‍ തന്നെ യുക്രെയ്‌നിലെ എയര്‍ അലേര്‍ട്ട് ആപ്പ് മുഖേന എല്ലാവരോടും സുരക്ഷിതമായി ഷെല്‍ട്ടറുകളില്‍ ഇരിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സെലന്‍സ്‌കി ആഗോള പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. റഷ്യയുടെ ആക്രമണം യുക്രെയ്നിൽ മാത്രം ഒതുങ്ങില്ലെന്ന് പറഞ്ഞ സെലന്‍സ്‌കി, റഷ്യയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ കൂടുതലിടത്തേക്ക് അധിനിവേശം പടരുമെന്ന മുന്നറിയിപ്പും നല്‍കി. യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിസമ്മതിക്കുന്നത് കൊണ്ടാണെന്നും സെലന്‍സ്‌കി പറഞ്ഞു. ഇതിനിടെയാണ് വീണ്ടും ശക്തമായ ആക്രമണമുണ്ടായിരിക്കുന്നത്.

Content Highlights: Russia attack in Ukraine 4 killed Zelenski warned that Ukraine would retaliate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us