'തുടര്‍ച്ചയായ പ്രകോപനം'; പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്; നെതന്യാഹുവിന്‍റെ വിസ റദ്ദാക്കൂവെന്ന് കൊളംബിയ

പെട്രോ ഇതിനകം തന്നെ കൊളംബിയുടെ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് തിരിച്ചെന്നാണ് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'തുടര്‍ച്ചയായ പ്രകോപനം'; പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്; നെതന്യാഹുവിന്‍റെ വിസ റദ്ദാക്കൂവെന്ന് കൊളംബിയ
dot image

ന്യൂയോര്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ന്യൂയോര്‍ക്കിലെ തെരുവില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധത്തിലെ 'പ്രകോപന പ്രവര്‍ത്തി' കണക്കിലെടുത്താണ് തീരുമാനമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എന്നാല്‍ പെട്രോ ഇതിനകം തന്നെ കൊളംബിയുടെ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് തിരിച്ചെന്നാണ് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്പാനിഷിനില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തേക്കള്‍ ശക്തമായ സൈനികരെ സംഭാവന ചെയ്യാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രസംഗം. യുഎസ് സൈനികര്‍ തങ്ങളുടെ തോക്കുകള്‍ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. 'ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ' എന്നായിരുന്നു പെട്രോയുടെ വാക്കുകൾ

ഇതിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്‍വൈസി സ്ട്രീറ്റില്‍ വെച്ച് യുഎസ് സൈനികരോട് ട്രംപിന്റെ ഉത്തരവിനെ വിലകല്‍പ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ പെട്രോ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും എന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചത്. ഇക്കാരണത്താല്‍ പെട്രോയുടെ വിസ റദ്ദാക്കുമെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. എന്നാൽ പെട്രോയുടെ വിസയല്ല മറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടതെന്ന് കൊളംബിയന്‍ ആഭ്യന്തരമന്ത്രി എക്‌സിലൂടെ മറുപടി നല്‍കുകയുണ്ടായി.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാനായാണ് പെട്രോ ന്യൂയോര്‍ക്കില്‍ എത്തിയത്. കരീബിയന്‍ കടലില്‍ മയക്കുമരുന്ന് കടത്ത് ആരോപിച്ച് ബോട്ടുകള്‍ക്ക് നേരെ യു എസ് നടത്തിയ ആക്രമണങ്ങളില്‍ ക്രിമിനല്‍ അന്നേഷണം വേണമെന്ന് പെട്രോ ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളില്‍ നിരായുധരായ പാവപ്പെട്ട യുവാക്കള്‍ കൊല്ലപ്പെട്ടുവെന്നാണ് പെട്രോ ആരോപിക്കുന്നത്.

പൊതുസമ്മേളനത്തില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച പെട്രോയെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ചുംബിക്കുന്ന രംഗവും കഴിഞ്ഞദിവസം ശ്രദ്ധേയമായിരുന്നു. ഇസ്രയേലിനെ നവ നാസികള്‍ എന്നാണ് പെട്രോ വിശേഷിപ്പിച്ചത്. പലസ്തീന്റെ മോചനത്തിനായി ഏഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സേന രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന ഒരു കപ്പലിനെയും പോകാന്‍ അനുവദിക്കരുതെന്നും ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ലുല ഡ സില്‍വ കൊളംബിയന്‍ പ്രസിഡന്റിന്റെ സീറ്റിനരികിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് തലയില്‍ ചുംബിച്ചത്.

Content Highlights: US revokes Colombian President Gustavo Petro’s visa

dot image
To advertise here,contact us
dot image