ഒരു പാർട്ടിയും കൂടെയില്ല, ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്: സൈബർ ആക്രമണമുണ്ടെന്ന് റിനി ആൻ ജോർജ്

'സൈബര്‍ ആക്രമണം ഈ വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. അത് അയാളെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയേ ഉളളു. എന്റെ ഭാഗത്താണ് ശരിയെങ്കില്‍ കാലം അത് തെളിയിക്കും'

dot image

കൊച്ചി: യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും അതില്‍ തനിക്ക് ഭയമില്ലെന്നും റിനി പറഞ്ഞു. ആ വ്യക്തിയുടെ ഭാഗത്തുനിന്നാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്നും അത് അയാളെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയേ ഉളളുവെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോടാണ് റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചത്.

'വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. എനിക്ക് ഭയമില്ല. സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് വന്നത്. അത് കാര്യമാക്കുന്നില്ല. സൈബര്‍ ആക്രമണം ഈ വ്യക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. അത് അയാളെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കുകയേ ഉളളു. കാരണം എന്റെ ഭാഗത്താണ് ശരിയെങ്കില്‍ കാലം അത് തെളിയിക്കും. കൂടുതല്‍ പ്രതിരോധത്തിലേക്ക് പോവുകയേയുളളു ആ വ്യക്തി. സൈബര്‍ ആക്രമണം കൊണ്ട് ഞാന്‍ പിന്മാറും എന്ന ചിന്ത വേണ്ട'- റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

പേരുപറയാത്തതിനു കാരണം ഞാന്‍ ഇന്നലെ വ്യക്തമാക്കിയതാണെന്നും ഇത് വ്യക്തിപരമായ വിഷയമല്ല, ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും റിനി പറഞ്ഞു. 'പല പെണ്‍കുട്ടികളും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നതുകൊണ്ട് ഞാനത് തുറന്നുപറഞ്ഞു എന്ന് മാത്രം. ഈ ക്രിമിനലിനെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. അവരാരും സമൂഹത്തെ ഭയന്ന് തുറന്നുപറയാന്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നു, തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടുളള ഗിമ്മിക്‌സ് ആണ്, മറ്റ് പാര്‍ട്ടിക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്.'-റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുവെന്നുമാണ് യുവമാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.

Content Highlights: Facing Cyber attack after revelation about youth leader says rini ann george

dot image
To advertise here,contact us
dot image