'ആരുടേയും കരുണ വേണ്ട, തിരിച്ചുവരാനുള്ള ശ്രമമാണ്'; ബുച്ചി ബാബു ക്രിക്കറ്റിലെ സെഞ്ച്വറിക്ക് പിന്നാലെ പൃഥ്വി ഷാ

ബുച്ചി ബാബു ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടിയതിന് ശേഷം പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ

dot image

ബുച്ചി ബാബു ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടിയതിന് ശേഷം പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ. ഒന്നുമില്ലായ്‌മയില്‍ നിന്ന് തിരിച്ചുവരുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ലെന്നും കാരണം ഞാൻ ജീവിതത്തില്‍ ഒരുപാട് ഉയ‍ര്‍ച്ച താഴ്ച‌കള്‍ ഇതിനോടകം കണ്ടുകഴിഞ്ഞുവെന്നും പൃഥ്വി ഷാ പറഞ്ഞു.

തിരിച്ചുവരാനുള്ള ശ്രമമാണ്. എല്ലാം സാധ്യമാണെന്ന് എനിക്ക് തോന്നുന്നു. ഈ സീസണ്‍ എനിക്കും ടീമിനും അനുകൂലമായി പരിണമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, പൃഥ്വി ഷാ വ്യക്തമാക്കി. എനിക്കാരുടേയും കരുണ വേണ്ട. എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. സുഹൃത്തുക്കളും ഒപ്പമുണ്ട്. എന്റെ കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അതാണ് നല്ലതെന്നും എനിക്ക് തോന്നുന്നെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

അതേ സമയം ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടിയാണ് മിന്നും പ്രകടനം. 4 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ടീമിനൊപ്പമായിരുന്ന പൃഥ്വി ഷാ ഈ സീസണിൽ മഹാരാഷ്ട്രയിലേക്ക് കൂടുമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു.

അച്ചടക്കമില്ലായ്മയും ശാരീരികക്ഷമതയില്ലായ്മയുമാണ് കാരണം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പൃഥ്വി ഷാ മുമ്പ് കളിച്ചിരുന്ന ഐപിഎൽ ക്ലബുകളിൽ നിന്നും മറ്റുമെല്ലാം താരത്തിന് നേരെ വെളിപ്പെടുത്തലുണ്ടായി.

2018ൽ അണ്ടർ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവർഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് തഴയപ്പെട്ടു.

2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെ​ഗാലേലത്തിൽ താരത്തെ വാങ്ങാൻ ടീമുകൾ ആരും രംഗത്തെത്തിയിരുന്നില്ല. പൃഥ്വി ഷായുടെ മഹാരാഷ്ട്രയിലേക്കുള്ള കൂടുമാറ്റവും സെഞ്ച്വറിയോടെയുള്ള തിരിച്ചുവരവും കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights- Prithvi Shaw response after Buchi Babu's century in cricket

dot image
To advertise here,contact us
dot image