
ടൊറന്റോ: നടനും കൊമേഡിയനുമായ കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവെപ്പ്. കാനഡയിലെ കാപ്‌സ് കഫെയിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കഫേയിൽ വെടിവെപ്പ് ഉണ്ടാകുന്നത്. 85 അവന്യൂ സ്‌കോട്ട് റോഡിലെ കഫേയിൽ നിന്നും പത്തിലേറെ വെടിയുണ്ടകളാണ് കണ്ടെത്തിയത്. സ്ഥാപനത്തിൻ്റെ ഷട്ടറും ഗ്ലാസുകളും തകർന്ന നിലയിലാണ്.
ഗുർപ്രീത് സിങ് എന്ന ഗോൾഡി ദില്ലൺ, ലോറൻസ് ബിഷ്‌ണോയ് എന്നീ മാഫിയ സംഘങ്ങൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണദൃശ്യം സമൂഹമാധ്യമ പോസ്റ്റുകളിലൂടെ പങ്കുവെച്ചാണ് ഇരു സംഘങ്ങളും ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിൽ പൊലീസ് സ്ഥിരീകരണം വന്നിട്ടില്ല. കഫേയ്ക്ക് നേരെ 25 ലേറെ തവണ വെടിയുതിർത്തതായാണ് വിവരം. സംഭവസമയം കഫേയ്ക്കുള്ളിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഞങ്ങൾ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല, അതിനാൽ നടപടിയെടുക്കേണ്ടി വന്നു. ഇനിയും ഫോൺ എടുത്തില്ലെങ്കിൽ അടുത്ത ഓപ്പറേഷൻ മുംബൈയിൽ ആയിരിക്കും എന്ന് വീഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ വെടിയുതിർക്കുന്ന ശബ്ദവും കേൾക്കാം. വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികളും പൊലീസിനോട് പറഞ്ഞു.
കഫേ ആരംഭിച്ച് ദിവസങ്ങൾക്കകമായിരുന്നു ആദ്യ ആക്രമണം. അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ഭീകരൻ ഹർജിത് സിങ് ലാഡി ഏറ്റെടുത്തിരുന്നു. കോമഡി ഷോയിൽ സിഖ് ആത്മീയ പാരമ്പര്യങ്ങളെയും വസ്ത്രധാരണത്തെയും പെരുമാറ്റത്തേയും പരിഹസിച്ചതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഹർജിത് സിങ് ലാഡി പറഞ്ഞിരുന്നു.
Content Highlight; Kapil Sharma's Canada Cafe attacked for second time