എപ്സ്റ്റീന്‍ ഫയല്‍സിലെ പരാമര്‍ശം; പീറ്റര്‍ മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

പീറ്റര്‍ മണ്ടല്‍സണ് എപ്സ്റ്റീനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നാണ് ആരോപണം

എപ്സ്റ്റീന്‍ ഫയല്‍സിലെ പരാമര്‍ശം; പീറ്റര്‍ മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
dot image

വാഷിംഗ്ടണ്‍: യുകെയുടെ മുന്‍ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റര്‍ മണ്ടല്‍സണ്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് പീറ്റര്‍ മണ്ടല്‍സണ്‍ പറഞ്ഞു. ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പീറ്റര്‍ മണ്ടല്‍സണ് എപ്സ്റ്റീനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു എന്നാണ് ആരോപണം.

2003-04 കാലത്ത് ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന പീറ്റര്‍ എപ്സ്റ്റീനില്‍ നിന്ന് 75,000 ഡോളര്‍ കൈപ്പറ്റിയത് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനെ പണം ലഭിച്ചതായി ഓര്‍മ്മയില്ലെന്നും അവയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് പീറ്റര്‍ പറഞ്ഞത്.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ നീതിന്യായവകുപ്പ് പുറത്തിറക്കിയ രേഖകളിൽ ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂവിന്റെ ചിത്രവുമുണ്ടായിരുന്നു. യുവതിക്കൊപ്പമുള്ള ആൻഡ്രുവിന്റെ ഫോട്ടോയാണ് പുറത്തുവന്നത്. തറയിൽ കിടക്കുന്ന യുവതിക്ക് സമീപമായി മുട്ടുകുത്തി നിൽക്കുന്ന ആൻഡ്രുവിനെ ചിത്രത്തിൽ വ്യക്തമായി കാണാം. ആൻഡ്രുവിൻ്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ശരിവെക്കുന്ന ഇമെയിലുകളും പുറത്തുവന്നിട്ടുണ്ട്. 2010 ഓഗസ്റ്റ് 12-ാം തീയതി ആൻഡ്രുവിന് എപ്‌സ്റ്റീന്‍റെ മെയിൽ അയച്ചിരുന്നു. 'ദി ഡ്യൂക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള മെയിലിൽ ആൻഡ്രുവിനെ അത്താഴത്തിന് ക്ഷണിക്കുകയും ഒരു വനിതാ സുഹൃത്ത് കൂടെ ഉണ്ടാകുമെന്നും എപ്‌സ്റ്റീൻ പറയുന്നുണ്ട്. വനിതാ സുഹൃത്ത് ഓഗസ്റ്റ് 20 മുതൽ 24 വരെ ലണ്ടനിൽ ഉണ്ടാകുമെന്നും പരാമർശിച്ചിരുന്നു. തിരിച്ചുള്ള മറുപടിയിൽ തന്നെ കുറിച്ച് എന്താണ് താങ്കൾ യുവതിയോട് പറഞ്ഞതെന്നും അവരുടെ സന്ദേശം ലഭിക്കുമോ എന്നും ആൻഡ്രു ചോദിക്കുന്നുണ്ട്. താൻ ഓഗസ്റ്റ് 22ന് ജനീവയിൽ ഉണ്ടാകുമെന്നും യുവതിയെ കണ്ടാൽ സന്തോഷമാകുമെന്നും എപ്സ്റ്റീന് അയച്ച മറ്റൊരു മെയിലിൽ ആൻഡ്രു പറയുന്നുണ്ട്.

യുവതി 26 വയസുള്ള റഷ്യക്കാരിയാണെന്നും അതിസുന്ദരിയാണെന്നും അവളുടെ പക്കൽ ആൻഡ്രുവിന്റെ ഇമെയിൽ വിലാസം ഉണ്ടെന്നും എപ്‌സ്റ്റീൻ മറുപടി സന്ദേശം അയച്ചതായി വ്യക്തമാണ്. യുവതിയും ആൻഡ്രുവും തമ്മിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിൽവെച്ച് കൂടിക്കാഴ്ചകൾ നടന്നിരിക്കാമെന്ന് വ്യക്തമാക്കുന്ന മെയിലുകളും എപ്‌സ്റ്റീന്‍റെതായി പുറത്തുവന്നു. എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നാലെ, ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരനായ ആൻഡ്രു വിൻഡ്‌സറിന്‍റെ രാജകീയ പദവികൾ കൊട്ടാരം റദ്ദാക്കിയിരുന്നു. കുപ്രസിദ്ധ സെക്‌സ് ടേപ്പുകളിൽ ഇടംപിടിച്ചതിന് പിന്നാലെ 'യോർക്ക് ഡ്യൂക്ക്' എന്ന സ്ഥാനപ്പേരും മറ്റ് രാജകീയ ബഹുമതികളും ആൻഡ്രൂ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. 2021ൽ ജെഫ്രി എപ്‌സ്റ്റീൻ കേസിലെ അതിജീവിതമാരിൽ ഒരാൾ ആൻഡ്രുവിനെതിരെ രംഗത്ത് വന്നിരുന്നു. കൗമാരക്കാരിയായ തന്നെ ആൻഡ്രു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും എപ്‌സ്റ്റീനാണ് തന്നെ ചതിയിൽപ്പെടുത്തി ആൻഡ്രുവിനടുത്തേക്ക് എത്തിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തൽ ഇതിന് പിന്നാലെ യുവതി ജീവനൊടുക്കിയതും വലിയ വിവാദമായിരുന്നു.

Content Highlights: Reference in Epstein files; Peter Mandelson resigns from Labour Party

dot image
To advertise here,contact us
dot image