
വെസ്റ്റ്ബാങ്ക്: ഓസ്കർ നേടിയ 'നോ അദർ ലാൻഡ്' സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച പലസ്തീൻ ആക്ടിവിസ്റ്റ് ഒദെ മുഹമ്മദ് ഹദാലിൻ വെടിയേറ്റ് കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലാണ് അധ്യാപകൻ കൂടിയായ മുഹമ്മദ് ഹദാലിനെ ഒരു ഇസ്രയേലി കുടിയേറ്റക്കാരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും ഉദ്ധരിച്ചാണ് അൽജസീറയുടെ റിപ്പോർട്ട്.
ഹെബ്രോണിനടുത്തുള്ള ഉം അൽ-ഖൈർ ഗ്രാമത്തിൽ നടന്ന ആക്രമണത്തിനിടെ കുടിയേറ്റക്കാരുടെ വെടിയേറ്റ് ഹദാലിൻ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ അതോറിറ്റിയുടെ വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
നോ അദർ ലാൻഡിൻ്റെ സംവിധായകരായ ഇസ്രായേലി പത്രപ്രവർത്തകൻ യുവാൽ എബ്രഹാമും പലസ്തീൻ പത്രപ്രവർത്തകൻ ബാസൽ അദ്രയും ഹദാലിനെ വെടിവച്ച് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട സുഹൃത്ത് ഔദ ഇന്ന് വൈകുന്നേരം കൊല്ലപ്പെട്ടു എന്നാണ് ബാസൽ അദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'അദ്ദേഹം തന്റെ ഗ്രാമത്തിലെ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ നിൽക്കുമ്പോൾ ഒരു കുടിയേറ്റക്കാരൻ നെഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇങ്ങനെയാണ് ഇസ്രായേൽ നമ്മളെ ഇല്ലാതാക്കുന്ന'തെന്നും അദ്ര കൂട്ടിച്ചേർത്തു.
'മസാഫർ യാട്ടയിൽ നോ അദർ ലാൻഡ് ചിത്രീകരിക്കാൻ ഞങ്ങളെ സഹായിച്ച ശ്രദ്ധേയനായ ആക്ടിവിസ്റ്റ് എന്നാണ് മറ്റൊരു സംവിധായകനായ യുവാൽ എബ്രഹാം ഔദയെ വിശേഷിപ്പിച്ചത്. സംഭവത്തിന്റെ ഒരു വീഡിയോയും എബ്രഹാം പോസ്റ്റ് ചെയ്തിട്ടുണ്ട്. യിനോൺ ലെവിയ എന്നയാളാണ് വെടിവെച്ചതെന്ന് താമസക്കാർ തിരിച്ചറിഞ്ഞതായും എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. ഇയാളാണ് ഈ വീഡിയോയിൽ ഭ്രാന്തനെപ്പോലെ വെടിവയ്ക്കുന്നതെന്നാണ് എബ്രഹാം കുറിച്ചിരിക്കുന്നത്.
മസാഫർ യാട്ടയിലെ പലസ്തീൻ സമൂഹത്തിനെതിരായ ഇസ്രായേലി കുടിയേറ്റക്കാരുടെയും സൈനികരുടെയും ആക്രമണങ്ങൾ അടയാളപ്പെടുത്തുന്നതാണ് ഓസ്കാർ അവാർഡ് ലഭിച്ച നോ അദർ ലാൻഡ് എന്ന സിനിമ. ഈ സിനിമയുടെ ചിത്രീകരണത്തിൽ സഹായിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഹദാലിൻ പ്രശസ്തനായത്.
Content Highlights: Israeli settler kills West Bank activist who worked on Oscar-winning film