'ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ട്'; നെതന്യാഹുവിൻ്റെ വാദം തള്ളി ഡോണൾഡ് ട്രംപ്

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യമെന്ന് ഡോണൾഡ് ട്രംപ്

dot image

ലണ്ടൻ: ഗാസയില്‍ പട്ടിണിയില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയില്‍ പട്ടിണിയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗാസയോടുള്ള ഇസ്രയേലിന്റെ സമീപനം പുനഃപരിശോധിക്കണമെന്ന നിര്‍ദ്ദേശവും അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവെച്ചു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലേയ്ക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അമേരിക്ക ഗാസയ്ക്കായി ധാരാളം പണവും ഭക്ഷണവും നല്‍കുന്നുവെന്ന് പറഞ്ഞ ട്രംപ് മറ്റ് രാജ്യങ്ങളും സഹായങ്ങളുമായി വരുന്നതും ചൂണ്ടിക്കാണിച്ചു.

ഗാസയില്‍ പട്ടിണിയില്ലെന്ന നിലപാടുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത് വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ട്രംപിന്റെ പ്രസ്താവന. 'എനിക്കറിയില്ല, ടെലിവിഷന്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇല്ലായെന്ന് പറയാനാവില്ല. ആ കുട്ടികളെ വിശക്കുന്നവരായാണ് കാണപ്പെടുന്നത്' എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് നല്‍കി മറുപടി. ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യേണ്ടി വന്നേക്കാമെന്ന് ഇസ്രായേലിനോട് പറഞ്ഞതായും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഹമാസിനെതിരെയും ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. അടുത്തിടെയായി ഹമാസ് കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളവരായി മാറിയെന്നും ട്രംപ് പറഞ്ഞു. ഗാസയില്‍ ബാക്കിയായ ബന്ദികളുടെ മോചനത്തിനായുള്ള വ്യത്യസ്ത പദ്ധതികളെക്കുറിച്ച് നെതന്യാഹുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ട്രംപ് സ്ഥിരീകരിച്ചു.

നേരത്തെ നെതന്യാഹു ഗാസയിലെ പട്ടിണി വാര്‍ത്തകള്‍ നിഷേധിക്കുകയും ഹമാസിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗാസയിലെ ദുരിതം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാനുഷിക പ്രതിസന്ധിപരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം വന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ നിലപാടിന് വിരുദ്ധമായ സമീപനം ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിമൂലം 14 പേര്‍ മരിച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ യുദ്ധം തുടങ്ങിയതിന് ശേഷം ഗാസയില്‍ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 147 ആയി. ഇതില്‍ 88 പേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഈ മരണങ്ങളില്‍ ഭൂരിപക്ഷവും സമീപകാലത്താണ് സംഭവിച്ചതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഗാസയിൽ ഏതാണ്ട് 4,70,000 ആളുകള്‍ പട്ടിണിയ്ക്ക് സമാനമായ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നത്. 90,000ത്തോളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അടിയന്തിരമായി പ്രത്യേക പോഷകാഹാരത്തിന്റെ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. പകര്‍ച്ചവ്യാധിയും പട്ടിണിയും മൂലം ഇപ്പോള്‍ ഓരോ ദിവസവും കുട്ടികള്‍ മരിക്കുകയാണ് എന്നാണ് നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സിലിന്റെ തലവന്‍ ജാന്‍ ഈഗേലാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Donald Trump contradicts Benjamin Netanyahu on starvation

dot image
To advertise here,contact us
dot image