യുദ്ധക്കുറ്റവാളിയെ ഇന്ന് വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യും, അമേരിക്കയ്ക്ക് ഇത് ലജ്ജാകരമായ ദിവസം: യുഎസ് സെനറ്റർ

ഇസ്രയേൽ പ്രധാനമന്ത്രി ​ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്

dot image

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ​ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയെ അപലപിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്സ്. ഇസ്രയേലി നേതാവിനെ 'യുദ്ധ കുറ്റവാളി' എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ബേണി സാൻഡേഴ്സിന്റെ പ്രതികരണം. തൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയാണ് സെനറ്ററുടെ പ്രതികരണം. ഡെമോക്രാറ്റിക് മുൻഗാമിയായ ജോ ബൈഡനെപ്പോലെ ട്രംപും വിനാശകരമായ യുദ്ധത്തെ പിൻന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഐസിസി( ഇന്റർനാഷ്ണൽ ചേംബർ ഓഫ് കോമേഴ്സ്)യിൽ നിന്നുളള ഒരു യുദ്ധക്കുറ്റവാളിയെ ഇന്ന് വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബേണി സാൻഡേഴ്സ് എക്സിൽ കുറിച്ചു. ജോ ബൈഡൻ എന്താണോ ചെയ്ത് കൊണ്ടിരുന്നത് അത് തന്നെയാണ് ട്രംപും ചെയ്യുന്നത്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കൊല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്ന തീവ്രവാദിയായ നെതന്യാഹു സർക്കാരിനെ സഹായിക്കുകയാണ് ഇരുവരും ചെയ്തത്. അമേരിക്കയ്ക്ക് ഇത് ലജ്ജാകരമായ ദിവസമാണെന്നും അദ്ധേഹം എക്സിൽ കുറിച്ചു.

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കിടെ ഡോണൾഡ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ​ഗാസയിൽ നല്ലത് സംഭവിക്കട്ടെയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രസിഡന്റ് ട്രംപിൻ്റെ പ്രതികരണം. പലസ്തീനികൾക്ക് സ്വാതന്ത്ര്യമുള്ള ഭാവി ഉണ്ടാകുമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനും നെതന്യാഹു നാമനിർദ്ദേശം ചെയ്തു. അതേ സമയം, ഇരുവരുടെയും കൂടിക്കാഴ്ച പു​രോ​ഗമിക്കവെ വൈറ്റ് ഹൗസിന് പുറത്തും, ടെൽ അവീവിലെ യുഎസ് എംബസിക്കും മുന്നിലും പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്.

ഒരാഴ്ചയ്ക്കകം ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിം​ഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാനും ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമായിരിക്കെയാണ് ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ ഖത്തറും ഈജിപ്തും മുൻകൈ എടുത്ത് ​ഗാസയിലെ വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണ്. നേരത്തെ വെടിനിർത്തൽ ധാരണകളുമായി ബന്ധപ്പെട്ടും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടും ഹമാസ് നി‍ർ‌ദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ധാരണകളുമായി ബന്ധപ്പെട്ട് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്ന മാറ്റങ്ങൾ അസ്വീകാര്യമാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് നെതന്യാഹു പറഞ്ഞിരുന്നു. ഇതിനകം ഇസ്രയേൽ അം​ഗീകരിച്ച ധാരണകളുടെ അടിസ്ഥാനത്തിൽ വേണം വെടിനിർത്തലെന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഇസ്രയേലി പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഗാസയിൽ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുന്നതും ഹമാസിൻ്റെ ഭീഷണി ഇല്ലാതാക്കലും ഉറപ്പാക്കുമെന്ന ദൃഢനിശ്ചയവും വാഷിം​ഗ്ടണിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി നെതന്യാഹു പ്രകടിപ്പിച്ചിരുന്നു.

Content Highlights: US Senator Denounces Meeting With ‘War Criminal’ Israeli Leader

dot image
To advertise here,contact us
dot image