രണ്ടു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കിയതിനെ തുടര്‍ന്ന് ഇന്‍ഫ്‌ളുവന്‍സര്‍ക്ക് അന്ത്യം സംഭവിച്ചതെങ്ങനെ?

കര്‍ണാടകത്തിലും പണം വെച്ചുള്ള ബെറ്റിനെത്തുടര്‍ന്ന് അമിത അളവില്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.

dot image

ബാങ്കോക്ക്: അന്‍പതിനായിരം രൂപക്ക് ബെറ്റ് വെച്ച് രണ്ടു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തായ്‌ലന്‍ഡ് സ്വദേശിയായ വീഡിയോ ഇന്‍ഫ്‌ളുവന്‍സര്‍ തനകരന്‍ കാന്തീയാണ് മരിച്ചത്.

ബാങ്ക് ലെചസ്റ്റര്‍ എന്ന പേരില്‍ ഫോളോവേഴ്‌സിനിടയില്‍ അറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സറാണ് 350 മില്ലിയുടെ രണ്ട് കുപ്പി വോഡ്ക ഒന്നിച്ച് അകത്താക്കിയത്. മദ്യം കഴിച്ച് തീര്‍ത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

താ മായ് ജില്ലയിലെ ചന്തബുരിയില്‍ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു യുവാവ് ബെറ്റ് ഏറ്റേടുത്തത്. 20 മിനുറ്റിനുള്ളിലാണ് രണ്ടുകുപ്പികളും തീര്‍ത്തത്. മദ്യം വിഷമായി പ്രവര്‍ത്തിച്ചതാണ് മരണകാരണമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മനുഷ്യശരീരം ഇത്ര വേഗത്തില്‍ മദ്യം ദഹിപ്പിക്കുന്ന രീതിയിലല്ല രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിദഗ്ധരുടെ വിശദീകരണം.

ഒരു മണിക്കൂര്‍ സമയത്ത് കരളിന് കൈകാര്യം ചെയ്യാനാവുക ഒരു ഡ്രിങ്ക് ആണ്. സാധാരണഗതിയില്‍ ഒരു ഡ്രിങ്കില്‍ 14 ഗ്രാം ആല്‍ക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇത് 44 മില്ലി വിസ്‌കിക്കും 148 മില്ലി വൈനിനും 355 മില്ലി ബിയറിനും തുല്യമാണ്. എന്നാല്‍ വളരെ വേഗത്തില്‍ മദ്യം അകത്താക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ കൈകാര്യം ചെയ്യാനാവാതെ വരികയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും സാധാരണമാണെന്നും വിദഗ്ധര്‍ പറയുന്നു.

അമിതമായ അളവില്‍ ശരീരത്തില്‍ പെട്ടെന്ന് മദ്യം എത്തുമ്പോള്‍ തലച്ചോറിനന് മോട്ടോര്‍ സ്‌കില്ലുകളില്‍ നിയന്ത്രണം നഷ്ടമാകുന്നു. ഇതിന് പുറമേ കൃത്യമായ തീരുമാനം എടുക്കാനും തലച്ചോറിന് സാധ്യമാകാതെ വരുന്നതാണ് ആല്‍ക്കഹോള്‍ പോയ്‌സണിംഗിലേക്ക് നയിക്കുന്നത്. ശ്വസനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ശരീരത്തിന്റെ താപനില എന്നിവയും അമിത മദ്യപാനം സാരമായി ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഈ മാസം തന്നെ കര്‍ണാടകത്തിലും പണം വെച്ചുള്ള ബെറ്റിനെത്തുടര്‍ന്ന് അമിത അളവില്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തിലാണ് മദ്യം കുടിച്ച് യുവാവ് മരിച്ചത്.

വെറും 21 വയസ് മാത്രമുള്ള, കാര്‍ത്തിക് എന്ന യുവാവാണ് മരിച്ചത്. സുഹൃത്തായ വെങ്കട റെഡ്ഢിയുമായി 10,000 രൂപയ്ക്ക് ബെറ്റ് വെച്ചതാണ് കാര്‍ത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്. ഇതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി കാര്‍ത്തിക്ക് അത്രയും മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. അല്പസമയത്തിനുശേഷം കാര്‍ത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

കുഞ്ഞുണ്ടായി ചുരുക്കം ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കാര്‍ത്തിക്കിന്റെ മരണം. ഒമ്പത് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാര്‍ത്തിക്കിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image