
ന്യൂയോര്‍ക്ക്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി നാനൂറിലധികം അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചതായി ഐക്യരാഷ്ട്രസഭ. മ്യാന്‍മര്‍ തീരത്ത് നടന്ന വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലാണ് 427 റോഹിങ്ക്യകള്‍ മരണപ്പെട്ടത്. മെയ് ഒന്‍പതിനും പത്തിനും നടന്ന അപകടങ്ങളിലാണ് റോഹിങ്ക്യകള്‍ മരണപ്പെട്ടതെന്ന് യുഎന്‍ അറിയിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെട്ട് കടലില്‍ നടന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കായുളള ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കപ്പല്‍ അപകടങ്ങളുടെ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. 267 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് മെയ് ഒന്‍പതിന് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 66 പേര്‍ രക്ഷപ്പെട്ടിരുന്നു. 247 പേരുമായി പോയ കപ്പല്‍ മെയ് പത്തിനാണ് മുങ്ങിയത്. ഇതില്‍ 21 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നുളളവരോ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നിന്നുളളവരോ ആകാം അപകടത്തില്‍പ്പെട്ടത് എന്നാണ് യുഎന്നിന്റെ കണ്ടെത്തല്‍. ഈ മേഖലയില്‍ മണ്‍സൂണ്‍ എത്തിയതിനാല്‍ കനത്ത മഴയെയും കാറ്റിനെയും അതിജീവിക്കാനാകാതെ കപ്പലുകള്‍ മുങ്ങിയതാകാം എന്നാണ് വിവരം.
പതിറ്റാണ്ടുകളായി മ്യാന്‍മറില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ രാജ്യത്തെ അടിച്ചമര്‍ത്തലില്‍ നിന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായാണ് ഇത്തരം സാഹസികമായ യാത്രകള്‍ക്ക് തയ്യാറാകുന്നത്. ചെറിയ ബോട്ടുകളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുംബങ്ങള്‍ നടത്തുന്ന യാത്രകള്‍ മിക്കപ്പോഴും അപകടത്തിലാണ് എത്തുക. 2017-ല്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് റാഖൈനില്‍ നിന്ന് പത്തുലക്ഷത്തിലധികം റോഹിങ്ക്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. 2024-ല്‍ രക്ഷപ്പെടാനുളള ശ്രമത്തിനിടെ ഏകദേശം 657 റോഹിങ്ക്യകള്‍ കടലില്‍വീണ് മരണപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍എച്ച്‌സിആറിന്റെ കണക്ക്.
Content Highlights: 427 rohingya death two shipwrecks in myanmar coast says UN