
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം നിശ്ചിത ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു.
Signing off like the team we truly are 💙❤️ pic.twitter.com/y1RtCQJx1I
— Delhi Capitals (@DelhiCapitals) May 24, 2025
അവസാന ഓവറുകളില്‍ കൂറ്റനടികളുമായി 25 പന്തില്‍ പുറത്താകാതെ 58 റണ്‍സെടുത്ത സമീര്‍ റിസ്‌വിയാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. താരം ഐപിഎല്ലില്‍ സ്വന്തമാക്കുന്ന ആദ്യ അർധ സെഞ്ച്വറിയാണിത്. 44 റണ്‍സെടുത്ത മലയാളി താരം കരുണ്‍ നായരുടെ ഇന്നിങ്‌സും നിര്‍ണായകമായി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മോശം തുടക്കമായിരുന്നു പഞ്ചാബിന് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായി. ആറുറണ്‍സ് മാത്രമാണ് താരം നേടിയത്. രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. പ്രഭ്‌സിമ്രാന്‍ സിങ് 18 പന്തില്‍ നിന്ന് 28 റണ്‍സും ഇംഗ്ലിസ് 12 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരാണ് സ്‌കോറുയര്‍ത്തിയത്.
നേഹല്‍ വധേര 16 റണ്‍സെടുത്ത് പവലിയനിലേക്ക് മടങ്ങി. വിക്കറ്റുകള്‍ പോകുമ്പോഴും ക്രീസിലുറച്ച് ശ്രദ്ധയോടെ ബാറ്റുവീശിയ ശ്രേയസ്സ് അയ്യരാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. 34 പന്തില്‍ നിന്നായി 5 ഫോറും 2 സിക്സും അടക്കം 53 റണ്‍സ് അടങ്ങുന്നതായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും തകർത്തടിച്ചതോടെ ടീം 200-കടന്നു. സ്‌റ്റോയിനിസ് 16 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 55 റൺസ് ചേർത്ത് കെ.എൽ. രാഹുലാണ് (21 പന്തിൽ 35) ആദ്യം പുറത്തായത്. പവർപ്ലേയിൽ 61 റൺസ് പിറന്നു. ഏഴാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസി (15 പന്തിൽ 23) പവലയനിൽ തിരിച്ചെത്തി. സ്കോർഡ 93ൽ നിൽക്കെ സിദ്ദുഖുല്ല അതൽ (16 പന്തിൽ 22) മടങ്ങിയെങ്കിലും കൂറ്റനടികളുമായി കരുൺ നായർ കളം നിറഞ്ഞു.
15-ാം ഓവറിൽ സ്കോർ 155ൽ നിൽക്കേ കരുണിനെ പ്രവീൺ ദുബെ അർഷ്ദീപ് സിങ്ങിന്‍റെ കൈകളിലെത്തിച്ചു. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 44 റൺസാണ് താരം അടിച്ചെടുത്തത്. പിന്നീടൊന്നിച്ച സമീർ റിസ്വിയും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.
Content Highlights: Sameer Rizvi stars with maiden IPL half century as Delhi Capitals defeat Punjab Kings by 6 wickets