ടെസ്റ്റ് ടീമിലെടുക്കാതെ ബിസിസിഐ, പിന്നാലെ ബാറ്റുകൊണ്ട് കിടിലന്‍ മറുപടി; ഇത് 'മാസ്സ് അയ്യര്‍'

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ശ്രേയസ് അയ്യരെ തഴഞ്ഞ അതേദിവസമാണ് താരത്തിന്റെ ഈ കിടിലന്‍ പ്രകടനം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പഞ്ചാബിന് വേണ്ടി വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് ശ്രേയസിന്റെ ബാറ്റില്‍ നിന്ന് പിറന്നിരിക്കുന്നത്. 34 പന്തില്‍ നിന്നായി 5 ഫോറും 2 സിക്സും അടക്കം 53 റണ്‍സ് അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ശ്രേയസ് അയ്യരെ തഴഞ്ഞ അതേദിവസമാണ് താരത്തിന്റെ ഈ കിടിലന്‍ പ്രകടനം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് ടീമിന് സ്ഥാനം ലഭിച്ചിരുന്നില്ല. ക്യാപ്റ്റന്‍സി കൊണ്ടും ബാറ്റുകൊണ്ടും മിന്നും ഫോമില്‍ നിന്നിട്ടും ശ്രേയസിനെ ബിസിസിഐ അവഗണിക്കുന്നതില്‍ വലിയ ആരാധകരോഷമാണ് ഉയരുന്നത്. തന്നെ ടീമിലെടുക്കാത്ത ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ശ്രേയസ് ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നത്.

അതേസമയം അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന മികച്ച സ്‌കോറിലെത്താനും പഞ്ചാബ് കിംഗ്‌സിന് സാധിച്ചു. ഈ സീസണില്‍ പഞ്ചാബിനായി തകര്‍പ്പന്‍ പ്രകടനമാണ് നായകന്‍ ശ്രേയസ് അയ്യര്‍ നടത്തുന്നത്. ബാറ്റിംഗില്‍ ആയാലും ക്യാപ്റ്റന്‍സിയില്‍ ആയാലും മികച്ച നേതൃത്വമാണ് താരം നടത്തുന്നത്.

Content Highlights: Snubbed from England Tests, Shreyas Iyer replies with terrific fifty vs Delhi Capitals

dot image
To advertise here,contact us
dot image