കടയിൽ നിന്ന് വാങ്ങിയ ഫ്രൂട്ട് മിക്സിൽ ചത്ത പുഴു; ഉപഭോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്

dot image

കൊച്ചി: കടയിൽ നിന്ന് വാങ്ങിയ സീൽചെയ്ത ഫ്രൂട്ട് മിക്സ്‌ ഉൽപന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്. കർണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലായിരുന്നു വിധി.

2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർ മാർട്ടിൽ നിന്നായിരുന്നു ശ്രീരാജ് ‘ക്വാളിറ്റി മിക്സ് ഫ്രൂട്ട് മ്യൂസ്​ലി’ എന്ന ഭക്ഷ്യ ഉൽപന്നം വാങ്ങിയത്. ഉപയോഗിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പാക്കറ്റിനുള്ളിൽ ചത്ത പുഴുവിനെ കണ്ടെത്തിയത്. ഉടൻ തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ വാങ്ങിയ പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ലെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ ഉൽപന്നം മാറ്റിനൽകുക മാത്രമാണ് ചെയ്തത്. ഉപഭോക്താവിനെ എതിർകക്ഷിയുടെ ഈ പ്രവൃത്തി ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചതായി ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

ഉൽപന്ന വിലയായ 265.50 ഉപഭോക്താവിന് തിരികെ നൽകാനും മനക്ലേശത്തിനും സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും 20,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും നൽകാനും കോടതി നിർദേശിച്ചു. 45 ദിവസത്തിനകം തുക നൽകണമെന്നാണ് എതിർകക്ഷിക്ക് നൽകിയ ഉത്തരവിൽ പറയുന്നത്.

Content Highlights: Dead worm found in fruit mix purchased from shop and court Ordered compensation

dot image
To advertise here,contact us
dot image