തീരുവയുദ്ധത്തിന് താത്കാലികാന്ത്യം; പരസ്പരമുള്ള തീരുവകൾ കുറയ്ക്കാൻ യുഎസും ചൈനയും തമ്മിൽ ധാരണ

യുഎസ്- ചൈന തീരുവയുദ്ധത്തിന് താത്കാലികാന്ത്യം

dot image

ജനീവ: ലോകത്തെ വലിയൊരു വ്യാപാരയുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിയ യുഎസ്- ചൈന തീരുവയുദ്ധത്തിന് താത്കാലികാന്ത്യം. അടുത്ത മൂന്ന് മാസത്തേയ്ക് ഇരു രാജ്യങ്ങളും പരസ്പരമുള്ള തീരുവകൾ ഗണ്യമായി കുറയ്ക്കാൻ ധാരണയായി.

ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി യുഎസ് കുറയ്ക്കും. യുഎസ് ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായും ചൈന കുറയ്ക്കും. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം.

യുഎസ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎസും ചൈനയും തങ്ങളുടെ താരിഫുകൾ മൂന്ന് മാസത്തേയ്ക്ക് കുറയ്ക്കുകയാണെന്നും ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടതെന്നും സ്കോട്ട് ബസ്സെന്റ് പറഞ്ഞു.

വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് യുഎസും ചൈനയും തീരുവയുദ്ധം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.

ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തുവന്നിരുന്നു. തുടർന്ന് പകരത്തിനു പകരം എന്ന രീതിയിൽ ചൈനയും യുഎസിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചു.

ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുളള പ്രഖ്യാപനം ട്രംപ് നടത്തിയത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്. തുടർന്ന് ഇവയെല്ലാം തത്കാലത്തേക്ക് മരവിപ്പിച്ചിരുന്നു.

Content Highlights: China and US agree to reduce tariffs

dot image
To advertise here,contact us
dot image