
വാഷിംഗ്ടൺ: ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക. സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
"ഇത് വളരെ ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളെയും നന്നായി അറിയാം. ഇരുവരുമായും നല്ല ബന്ധമാണ്. സംഘർഷം അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെ ഉണ്ടാകും," ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് നേരത്തേ ട്രംപ് പ്രതികരിച്ചിരുന്നു. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യം. കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. അതിർത്തി സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടെന്ന സൂചനയും സൈന്യം നൽകുന്നുണ്ട്. പാക് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്.
പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു സൈനികനുപ്പെടെ ജീവൻ നഷ്ടമായിരുന്നു. വീടുകൾക്കും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കുമടക്കം നാശനഷ്ടമുണ്ടായി. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികൾ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലർ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ 1.05 മുതൽ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാകിസ്താനിലെ ഭവൽപൂർ, മുറിട്‌കെ, സിലാൽകോട്ട്, കോട്‌ലി, ഭിംബീർ, ടെഹ്‌റകലാൻ, മുസഫറബാദ് എന്നിവിടങ്ങളിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ കുടുംബത്തിലെ 10 പേരടക്കം 32 പേർ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങൾ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
Content Highlights: Trump On India-Pak Tensions