ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല; ആശങ്ക പ്രകടിപ്പിച്ച് യുഎൻ

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎൻ

dot image

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. 'നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെ'ന്ന് യുഎൻ സെക്രട്ടറി പറഞ്ഞതായി മേധാവിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമങ്ങളോട് പറ‍ഞ്ഞു.

ഏപ്രിൽ 22ൽ കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചു. ഇത് വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.

ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.

Content Highlights: UN Says, World cannot afford India-Pakistan confrontation

dot image
To advertise here,contact us
dot image