സൈനിക ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു; രാജിവെക്കാനൊരുങ്ങി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വിഷയത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

dot image

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം രാജിവയ്ക്കാനൊരുങ്ങി മൈക്ക് വാള്‍ട്ട്‌സ്. ഡെപ്യൂട്ടി ഉപദേഷ്ടാവ് അലക്‌സ് വോങ്ങും രാജിവയ്ക്കാനൊരുങ്ങുന്നതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യെമനില്‍ സൈനിക ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് രാജിവെക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനായിരിക്കും വാള്‍ട്ട്‌സ്.

യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികള്‍ മാധ്യമപ്രവര്‍ത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോര്‍ന്ന് കിട്ടിയത് വലിയ വിവാദമായിരുന്നു. അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ജെഫ്രി ഗോള്‍ഡ് ബര്‍ഗിനാണ് വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയത്. സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യാനായി രൂപീകരിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ജെഫ്രി ഉള്‍പ്പെടുകയായിരുന്നു. ജെഫ്രി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

പിന്നാലെ ഗ്രൂപ്പ് നിര്‍മിച്ചത് താനാണെന്നും സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞിരുന്നു. സുരക്ഷാ ലംഘനത്തെ കുറിച്ച് അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാള്‍ട്ട്സ് തെറ്റ് തുറന്ന് സമ്മതിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പിലായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്.

Content Highlights: US National Security Adviser Mike Waltz ready to resign says Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us