റഷ്യയും യുക്രെയ്നും സമാധാനത്തിന് തൊട്ടരികിൽ; ട്രംപിൻ്റെ പങ്കിനെ പുകഴ്ത്തി വൈറ്റ് ഹൗസ്

ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ വെച്ചാണ് യുഎസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്

dot image

വാഷിങ്ടൺ: റഷ്യയും യുക്രെയ്നും സമാധാനത്തിന് തൊട്ടരികെയെന്ന് വൈറ്റ് ഹൗസ്. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് വൈറ്റ് ​ഹൗസിന്റെ പ്രതികരണം. ട്രംപുമായുള്ള സംഭാഷണം ഗുണപരമായിരുന്നെന്ന് സെലെൻസ്‌കിയും അറിയിച്ചിരുന്നു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ കാര്യം അറിയിച്ചത്.

റഷ്യ-യുക്രെയ്ൻ യുദ്ധം സമാധാനത്തോട് ഇത്രയും അടുത്തെത്തിയിട്ടില്ല. സമാധാനത്തിന് തൊട്ടരികിലെത്തുന്നതിന് പ്രസിഡന്റ് ട്രംപ് വഹിച്ച പങ്ക് ചെറുതല്ല. അമേരിക്കൻ പ്രസിഡന്റ് സെലെൻസ്‌കിയും ഫോണിൽ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ഫോൺ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. ഇരു രാജ്യങ്ങളെയും യോജിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും പ്രസിഡന്റ് ഫോണിലൂടെ സംസാരിച്ചിരുന്നു. അഭ്യർത്ഥനകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ചർച്ച നടന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുൻപ് ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ ത‍ർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. തർക്കത്തിനൊടുവിൽ യുക്രെയ്നുളള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക നിർത്തിവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മാർച്ച് 1നാണ് വൈറ്റ് ഹൗസില്‍ ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. തുടക്കത്തില്‍ സമാധാനപരമായി തുടങ്ങിയ ചര്‍ച്ച പിന്നീട് വാഗ്വാദത്തിലാണ് കലാശിച്ചത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. സെലന്‍സ്‌കി അനാദരവ് കാണിച്ചെന്ന് ട്രംപ് പരസ്യമായി ആരോപിച്ചു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കടക്കാനാണ് സെലന്‍സ്‌കി ശ്രമിക്കുന്നതെന്നും ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ വെച്ചാണ് അദ്ദേഹം ചൂതാട്ടം കളിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ യുക്രൈനിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്കി അറിയിച്ചിരുന്നു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രെയ്‌ന്റെ നിലപാട് കേള്‍ക്കണം എന്നത് മാത്രമാണ് ആഗ്രഹമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്.

യുഎസ് പ്രസിഡന്റുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുക്രെയ്‌നും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടത്. പക്ഷേ യുഎസും യുക്രെയ്‌നും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിച്ചു. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ക്ഷണിച്ചാല്‍ താന്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. പക്ഷേ യുക്രെയ്‌ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുനല്‍കില്ലെന്നും സെലന്‍സ്‌കി നിലപാട് വ്യക്തമാക്കിയിരുന്നു.

Content Highlights: White House Says Russia and Ukraine on the brink of peace

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us