Top

നിങ്ങള്‍ സ്‌ക്വിഡ് ഗെയിം ഫാനാണോ? എങ്കില്‍ ഈ പറ്റിപ്പില്‍ വീഴല്ലേ…

26 Oct 2021 10:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങള്‍ സ്‌ക്വിഡ് ഗെയിം ഫാനാണോ? എങ്കില്‍ ഈ പറ്റിപ്പില്‍ വീഴല്ലേ…
X

നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെ റിലീസ് ചെയ് കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിം ഇന്ത്യയുള്‍പ്പെടെ ലോകത്താകെ വന്‍ വിജയമായിരിക്കുകയാണ്. സീരീസിന്റെ മീമുകളും ട്രോളുകളും മറ്റുമെല്ലാം സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ക്വിഡ് ഗെയിം വാള്‍പേപ്പറുകള്‍ക്കും വന്‍ ജനപ്രീതിയാണുള്ളത്. എന്നാല്‍ ആരാധന അതിരു കടന്ന് പറ്റിപ്പില്‍പെടാതിരിക്കാന്‍ നമ്മളെല്ലാവരും കരുതിയിരിക്കണം. കാരണം സ്‌ക്വിഡ് ഗെയിമിന്റെ പേരില്‍ നടക്കുന്ന ഒരു സൈബര്‍ തട്ടിപ്പിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സ്‌ക്വിഡ് വാള്‍പേപ്പര്‍ 4K HD എന്ന പേരില്‍ പുറത്തിറക്കിയ ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. ഫോണില്‍ സ്വിക്ഡ് ഗെയിമുമായി ബന്ധപ്പെട്ട വാള്‍പേപ്പറുകള്‍ ലഭ്യമാക്കുമെന്നാണ് ഈ ആപ്പ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ആപ്പ് വാള്‍പേപ്പറുകള്‍ അല്ല നല്‍കുന്നത്. പകരം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫോണില്‍ അനധികൃതമായി പരസ്യങ്ങള്‍ കാണിക്കുകയും ഫോണുടമയുടെ സമ്മതമില്ലാതെ പ്രീമിയം എസ്എംഎസ് സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്യും. ഇത് ഫോണുടമയുടെ പണം നഷ്ടപ്പെടാനിടയാക്കുന്നു. ആപ്പ് സ്‌റ്റോറിലെയും ഫോണിലെയും സെക്യൂരിറ്റി പരിശോധനകളെ കബളിപ്പിക്കാന്‍ ജോക്കര്‍ മാല്‍വെയര്‍ ആണ് ഈ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നതെന്നാണ് വിവരം.

അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ ഇഎസ്ഇടിയിലെ സെക്യൂരിറ്റി റിസേര്‍ച്ചറായ ലൂക്കാസ് സ്റ്റെഫാന്‍കോ ആണ് ഈ ആപ്പിന് പിന്നിലെ തട്ടിപ്പ് കണ്ടുപിടിച്ചത്. ഇതിനകം 5000 മൊബൈല്‍ ഫോണുകളില്‍ സ്‌ക്വിഡ് ഗെയിം 4കെ വാള്‍പേപ്പര്‍ എച്ച്ഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം തട്ടിപ്പ് മനസ്സിലായതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത എന്തെന്നാല്‍ ഈ ഒരൊറ്റ ആപ്പ് മാത്രമല്ല സ്‌ക്വിഡ് ഗെയിമിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. സ്റ്റെഫാന്‍കോ പറയുന്നത് പ്രകാരം പ്ലേ സ്റ്റോറില്‍ നിലവില്‍ 200 ഓളം സ്‌ക്വിഡ് ഗെയിം ആപ്പുകളുണ്ട്. ഇവയില്‍ പലതും സമാനമായ തട്ടിപ്പ് നടത്താനിടയുണ്ടെന്നും അതിനാല്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം പറയുന്നു.


Next Story

Popular Stories