


 
            ക്ലബ് ലോകകപ്പ് ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുന്നേയുള്ളൂ. ഇതിനോടകം തന്നെ അവിശ്വസനീയമായ പല അട്ടിമറികളും ടൂര്‍ണമെന്‍റില്‍ സംഭവിച്ചു കഴിഞ്ഞു. യൂറോപ്യൻ ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പി എസ് ജി മുതൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി വരെ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് മുന്നിൽ അടിതെറ്റി വീണു.
ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ബൊട്ടഫോഗോയാണ് പി.എസ്.ജിയെ മുട്ടുകുത്തിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബൊട്ടഫോഗോയുടെ വിജയം. കാലിഫോർണിയയിലെ റോസ് ബൗൾ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ പി എസ് ജിക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. മത്സരത്തിൽ 75 ശതമാനം സമയവും പി എസ് ജി താരങ്ങൾ പന്ത് കൈവശം വച്ചു. എന്നാൽ ബൊട്ടഫോഗോ ഒരുക്കിയ കരുത്തുറ്റ പ്രതിരോധം മറികടക്കാൻ പി എസ് ജിക്കായില്ല. മത്സരത്തിൽ 16 ഷോട്ടുകൾ പായിച്ച പി എസ് ജിക്ക് രണ്ടെണ്ണം മാത്രമെ ഗോൾവലയെ ലക്ഷ്യമാക്കിയെത്തിക്കാന്‍ കഴിഞ്ഞുള്ളൂ.

മറുവശത്ത് ബൊട്ടഫോഗോ താരങ്ങൾ ആകെ നാല് ഷോട്ടുകളാണ് പായിച്ചത്. ആ നാലും ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളായിരുന്നു. 36-ാം മിനിറ്റില്‍ ഇഗോർ ജീസസിന്റെ ബൂട്ട് വലകുലുക്കി. ഒടുവിൽ ആ ഒരൊറ്റ ഗോളിന്‍റെ പിന്‍ബലത്തില്‍ ബൊട്ടഫോഗോ റോസ് ബൌള്‍ സ്റ്റേഡിയത്തില്‍ വെന്നിക്കൊടി നാട്ടി.
ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ചെൽസിക്ക് വില്ലനായതും ഒരു ബ്രസീലിയന്‍ ക്ലബാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്ലമങോയോണ് ചെല്‍സിയെ തകര്‍ത്തത്.
13-ാം മിനുട്ടിൽ പെഡ്രോ നെറ്റോയുടെ ഗോളോടെ ചെൽസിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ലീഡ് നീലപ്പടക്ക് തന്നെയായിരുന്നു. എന്നാൽ രണ്ടാം പകുതി ഫ്ലമങോയുടെ തിരിച്ചുവരവ് കണ്ടു. 62-ാം മിനുട്ടിൽ ബ്രൂണോ ഹെന്റിക്കിന്റെ ഗോളില്‍ ബ്രസീലിയന്‍ ക്ലബ്ബ് സമനില പിടിച്ചു. മൂന്ന് മിനിട്ടുകൾക്കകം ഡാനിലോയും 83-ാം മിനുട്ടിൽ വാലസി യാനും വല ചലിപ്പിച്ചു.
രണ്ട് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ചെൽസി ഗ്രൂപ്പിൽ രണ്ടാമതാണിപ്പോള്‍. റൗണ്ട് ഓഫ് 16 ലേക്ക് കടക്കാൻ എസ് ടുണീസുമായുള്ള അടുത്ത മത്സരം ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് ഏറെ നിർണായകമാണ്.

കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കളും സ്പാനിഷ് കരുത്തരുമായ റയൽ മാഡ്രിഡിന് സൗദി ഫുട്ബോൾ ക്ലബ് അൽ ഹിലാലിനോട് സമനില നേടാനെ സാധിച്ചുള്ളു. യുറോപ്യൻ ഫുട്ബോളിലെ പഴയ സൂപ്പർതാരങ്ങൾ ഉൾപ്പെട്ട അൽ ഹിലാലിന് റയലിന്റെ പോരാട്ടവീര്യത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്.
ലയണൽ മെസ്സി, ലൂയിസ് സുവാരസ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും ക്ലബ് ലോകകപ്പിലെ ഇന്റർ മയാമിയുടെ വിജയവും ആഘോഷിക്കപ്പെടേണ്ടതാണ്. കാരണം 1983ൽ സ്ഥാപിതമായി യൂറോപ്പിലെ തന്നെ പഴക്കം ചെന്ന ഫുട്ബോൾ ക്ലബുകളിലൊന്നായ എഫ് സി പോർട്ടോയെയാണ് മയാമി വീഴ്ത്തിയിരിക്കുന്നത്. 2018ൽ മാത്രം നിലവിൽ വന്ന ഇന്റർ മയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത് രണ്ട് തവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയ ടീമിനെയാണ്.
Content Highlights: Big upsets in Club World Cup Football, Chelsea, PSG stunned
 
                        
                        