വ്യാജ വീഡിയോ ആണെങ്കില്‍ എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ് പരാതി നല്‍കണം: പി എസ് സഞ്ജീവ്

എംഎസ്എഫിനുളളില്‍ ജമാഅത്തെ ഇസ്‌ലാമിവല്‍ക്കരണം നടക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു

വ്യാജ വീഡിയോ ആണെങ്കില്‍ എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ് പരാതി നല്‍കണം: പി എസ് സഞ്ജീവ്
dot image

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. തീം സോങ്ങില്‍ എസ്എഫ്‌ഐക്കെതിരായ എംഎസ്എഫിന്റെ ആരോപണം പൊളളയായതാണെന്നും തെറ്റായ വീഡിയോ ആണെങ്കില്‍ എസ്എഫ്‌ഐക്കെതിരെ കേസെടുക്കാന്‍ എംഎസ്എഫ് പരാതി നല്‍കണമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. എംഎസ്എഫിനുളളില്‍ ജമാഅത്തെ ഇസ്‌ലാമിവല്‍ക്കരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ഇമ്രാന്‍ ഖാന്റെ ചിത്രം ഉപയോഗിച്ചതില്‍ തെറ്റ് പറ്റിയെങ്കില്‍ എംഎസ്എഫ് തുറന്നുപറയണം. നാളെ മുസ്‌ലിം ബ്രദര്‍ഹുഡ് ചിത്രവും അവര്‍ ഉപയോഗിക്കും. അജണ്ട സെറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ചിത്രം ഉപയോഗിച്ചത്. ഫ്‌ളാഷ് മോബിനും സൂംബ ഡാന്‍സിനുമെതിരെ രംഗത്തുവന്നവര്‍ റാപ്പ് മ്യൂസിക്കുമായി വരുന്നു. തോന്നുമ്പോള്‍ ചുറ്റാന്‍ കഴിയുന്ന ആടയാഭരണമല്ല മതം': പി എസ് സഞ്ജീവ് പറഞ്ഞു.

മുസ്‌ലിം ലീഗിലെ ചിലര്‍ക്കിടയില്‍ ജമാഅത്തെ ഇസ്‌ലാമിവല്‍ക്കരണം നടക്കുന്നുണ്ടെന്നും നേതൃത്വത്തിലുളളവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആലയില്‍ കൊണ്ട് ചെന്ന് കെട്ടുകയാണെന്നും സഞ്ജീവ് പറഞ്ഞു. കെ എന്‍ ബാലഗോപാലനെ അധിക്ഷേപിക്കുന്ന കെ എം ഷാജി സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും വംശഹത്യാ കേസില്‍ നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയ ആളാണ് കെ എം ഷാജിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി അധിക്ഷേപിക്കുകയും മറുപടി നല്‍കുമ്പോള്‍ മതത്തിന്റെ പടച്ചട്ട ഉപയോഗിച്ച് പ്രതിരോധിക്കുകയുമാണെന്നും പി എസ് സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് എസ്എഫ്ഐ പറയുന്നതെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ആരോപിച്ചിരുന്നു. തങ്ങൾക്ക് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ലെന്നും എസ്എഫ്ഐ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും നജാഫ് പറഞ്ഞു. എസ്എഫ്ഐയുടെ നീക്കം സമൂഹത്തിനെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന നിലയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നു?. എസ്എഫ്ഐ വർഗീയ താൽപര്യത്തോടെ പ്രചരിപ്പിക്കുന്നതാണിത്. തങ്ങളുടെ ഔദ്യോഗിക പേജിൽ വരാത്ത ഒരു പാട്ടാണിത്. ഈ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കപ്പെടണം. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകും. എസ്എഫ്ഐയുടെ പുതിയ കാലത്ത് വന്ന മാറ്റമാണിത്' എന്നാണ് നജാഫ് പറഞ്ഞത്.

Content Highlights: MSF should file complaint against SFI if their theme song video is fake: PS Sanjeev

dot image
To advertise here,contact us
dot image