കാത്തിരിപ്പിന് അവസാനമാകുന്ന വർഷം; 2025ൽ കായിക ലോകത്ത് അവസാനമായ കാത്തിരിപ്പുകൾ

ജനുവരിയിൽ ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിലാണ് കാത്തിരിപ്പിന്റെ അവസാനം ആദ്യമായി സംഭവിച്ചത്

dot image

ഐപിഎല്ലിന്റെ കലാശപ്പോരിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും പഞ്ചാബ് കിങ്സും ഏറ്റുമുട്ടും. ഫൈനലിൽ ആര് ജയിച്ചാലും അത് ചരിത്രമാകും. ഐപിഎൽ ആരംഭിച്ചത് മുതൽ 18 വർഷമായി കിരീടത്തിനായി കാത്തിരിക്കുന്ന ടീമുകളാണ് പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും. അതിനിടെ 2025 എന്ന വർഷം പല കാത്തിരിപ്പുകൾക്കും അവസാനം കുറിച്ച വർഷമായാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അവയിൽ ചിലത് നോക്കാം.

ജനുവരിയിൽ ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിലാണ് കാത്തിരിപ്പിന്റെ അവസാനം ആദ്യമായി സംഭവിച്ചത്. ബി​ഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഹൊബാർട്ട് ഹരികെയ്ൻസ് ടൂർണമെന്റിന്റെ ജേതാക്കളായി. രണ്ട് തവണ ബി​ഗ് ബാ​ഷ് ക്രിക്കറ്റിന്റെ ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മൂന്നാം തവണ ഹരികെയ്ൻസ് ചാംപ്യന്മാരായത്.

കഴിഞ്ഞ ആഴ്ച യുവേഫ യൂറോപ്പ ലീ​ഗ് കിരീടം നേടിയ ടോട്ടൻഹാം ഹോട്ട്സ്പർ 17 വർഷത്തെ കിരീട ദാരിദ്ര്യത്തിനാണ് അവസാനം കുറിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ച് ടോട്ടൻഹാം യൂറോപ്പ ലീ​ഗ് കിരീടം സ്വന്തമാക്കി. ഇതിന് മുമ്പ് മാർച്ചിൽ ജർമ്മൻ ഫുട്ബോൾ ക്ലബ് ബയേൺ മ്യൂണികിൽ ഇം​ഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്ൻ തന്റെ കരിയറിലെ ആദ്യ ഫുട്ബോൾ കിരീടം സ്വന്തമാക്കിയിരുന്നു. ടോട്ടൻഹാമിൽ എക്കാലത്തെയും ഉയർന്ന ​ഗോൾ വേട്ടക്കാരനായ ഹാരി കെയ്ന് ഒരിക്കലും കിരീടം നേടാൻ സാധിച്ചിരുന്നില്ല. 2020ലും 2024ലും ഇം​ഗ്ലണ്ടിനെ ഇം​ഗ്ലണ്ട് ഫുട്ബോൾ ടീമിനെ യൂറോ കപ്പിന്റെ ഫൈനലിലെത്തിച്ച നായകൻ കൂടിയാണ് ഹാരി ​കെയ്ൻ. പക്ഷേ രണ്ട് തവണയും കെയ്നിന്റെ ടീം ഫൈനലിൽ വീണു.

കോപ്പ ഇറ്റാലിയ കിരീടം സ്വന്തമാക്കി ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ബൊലോഗ്ന എഫ് സി 51 വർഷത്തെ കിരീട ദാരിദ്ര്യത്തിന് അവസാനം കുറിച്ചത് രണ്ടാഴ്ച മാത്രം മുമ്പാണ്.

ചരിത്രത്തിൽ ആദ്യമായി ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് കരാബോ കപ്പിൽ മുത്തമിട്ടു. മാർച്ച് 16ന് നടന്ന ഫൈനലിൽ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തിയാണ് ന്യൂകാസിൽ ചരിത്രം തിരുത്തിയെഴുതിയത്. 119 വർഷത്തെ ക്ലബ് ചരിത്രത്തിൽ ആദ്യമായി ക്രിസ്റ്റൽ പാലസ് കിരീടം നേടിയതും 2025ലാണ്. മെയ് 17ന് നടന്ന ഇം​ഗ്ലീഷ് എഫ് എ കപ്പിന്റെ ഫൈനലിൽ പെപ് ​ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ക്രിസ്റ്റൽ പാലസ് ചരിത്രം കുറിച്ചത്.

ചരിത്രത്തിൽ ആദ്യമായി ഫ്രഞ്ച് ക്ലബ് പി എസ് ജി ചാംപ്യൻസ് ലീ​ഗ് ഫുട്ബോൾ ജേതാക്കളായതും ഈ വർഷം തന്നെ. ജൂൺ ഒന്നിന് നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ പരാജയപ്പെടുത്തി പി എസ് ജി ചാംപ്യൻസ് ലീ​ഗിന്റെ ജേതാക്കളായി. പി എസ് ജിയുടെ ചരിത്രത്തിലെ 100-ാമത്തെ ട്രോഫിയാണ് ചാംപ്യൻസ് ലീ​ഗിലൂടെ ക്ലബ് കരസ്ഥമാക്കിയത്. ഇനി അറിയേണ്ടത് ഐപിഎല്ലിൽ എന്ത് സംഭവിക്കുമെന്നാണ്. ആരുടെ കാത്തിരിപ്പിന് അവസാനമാകുമെന്നാണ്.

Content Highlights: For many, 2025 witnesses ending year long trophy drought

dot image
To advertise here,contact us
dot image