
സൺറൈസേഴ്സിന് ഇത് മധുരപ്രതികാരം. ഇതുപോലൊരു അവസരത്തിനായി ഓറഞ്ച് ആർമി കാത്തിരിക്കുകയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വീരയോദ്ധാക്കകൾക്ക് മുകളിൽ ഇത്തവണ സൺറൈസേഴ്സ് ഉദിച്ചുയർന്നു. ഒന്നല്ല, പല കണക്കുകൾക്കാണ് അവസാനം കുറിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോൽപ്പിച്ചതിന്, ഹർഷിത് റാണയുടെ ഫ്ലൈയിങ് കിസിന്, കാവ്യ മാരന്റെ കണ്ണുകൾ നിറഞ്ഞതിന്, പാറ്റ് കമ്മിൻസിന്റെ പോരാട്ടത്തെ പരിഹസിച്ചതിന്, എല്ലാത്തിനും സൺറൈസേഴ്സ് കണക്കുതീർത്തു.
ഐപിഎല്ലിൽ കഴിഞ്ഞ അഞ്ച് തവണയും സൺറൈസേഴ്സിനെതിരെ കൊൽക്കത്തയ്ക്കായിരുന്നു വിജയം. കഴിഞ്ഞ സീസണിൽ മൂന്ന് തവണ സൺറൈസേഴ്സും നൈറ്റ് റൈഡേഴ്സും നേർക്കുനേർ വന്നു. ആദ്യ പോരാട്ടം ഈഡൻ ഗാർഡനിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നേടിയത് ഏഴ് വിക്കറ്റിന് 208 റൺസ്. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്സും നന്നായി തിരിച്ചടിച്ചു. ഹെൻറിച്ച് ക്ലാസന്റെ പോരാട്ടം ഫലം കണ്ടില്ല. നാല് റൺസ് അകലെ സൺറൈസേഴ്സ് വീണു. മത്സരത്തിനിടയിൽ സൺറൈസേഴ്സ് ബാറ്റർ മായങ്ക് അഗർവാളിനെ പുറത്താക്കി ഹർഷിത് റാണയുടെ ഫ്ലൈയിങ് കിസ്. സീസണിൽ പലതവണ ഹർഷിത് പരിധിവിട്ട് വിക്കറ്റ് ആഘോഷം നടത്തുകയും ചെയ്തു. പലതവണ ഹർഷിതിനെതിരെ ബിസിസിഐ നടപടിയുമുണ്ടായി.
കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ കൊൽക്കത്തയും ഹൈദരാബാദും വീണ്ടും നേർക്കുനേർ വന്നു. ആദ്യ റൺസെടുക്കും മുമ്പെ ട്രാവിസ് ഹെഡിന്റെ കുറ്റിതകർത്ത് മിച്ചൽ സ്റ്റാർക് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. വീണ്ടും സൺറൈസേഴ്സ് തകർന്നടിഞ്ഞു. എട്ട് വിക്കറ്റിന് നൈറ്റ് റൈഡഴ്സിന്റെ വിജയം.
തോൽവിയിൽ നിന്നും സൺറൈസേഴ്സ് തിരിച്ചുവന്നു. കഴിഞ്ഞ സീസൺ കലാശപ്പോരിൽ കൊൽക്കത്തയും ഹൈദരബാദും നേർക്കുനേർ. വീണ്ടും ട്രാവിസ് ഹെഡ് റൺസെടുക്കാതെ പുറത്ത്. അഭിഷേകിന്റെ കുറ്റിയിളക്കി മിച്ചൽ സ്റ്റാർക്. പിന്നെ സൺറൈസേഴ്സ് തകർന്നുകൊണ്ടിരുന്നു. തോൽവിയിലേക്ക് നീങ്ങുന്ന ഹൈദരാബാദിനെ കണ്ട് ഗ്യാലറിയിൽ ടീം സഹഉടമ കാവ്യാ മാരന്റെ കണ്ണുകൾ നനഞ്ഞു. ഓറഞ്ച് ആർമി രോഷാകുലരായി. അവർ പറഞ്ഞു. കൊൽക്കത്തയ്ക്ക് ഇതിന് തിരിച്ചടി നൽകിയിരിക്കും.
ഐപിഎൽ കിരീടം കൊൽക്കത്ത സ്വന്തമാക്കി. കിരീടനേട്ടം ആഘോഷിച്ചത് ഫ്ലൈയിങ് കിസുകൾ പറത്തി. ഒപ്പം സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസിനോട് നിശ്ബദമാകാൻ സിഗ്നൽ നൽകി.
കൊൽക്കത്തയ്ക്കെതിരെ തിരിച്ചടിക്കാൻ സൺറൈസേഴ്സ് കാത്തിരുന്നു. ഇത്തവണയും ഈഡനിൽ ജയിച്ചത് നൈറ്റ് റൈഡേഴ്സ്. ഈ സീസണിൽ ഇരുടീമുകൾക്കും പ്ലേ ഓഫ് കടക്കാൻ കഴിഞ്ഞില്ല. പക്ഷേ അപ്രസക്തമായ മത്സരത്തിന് പ്രതികാരത്തിന്റെ നിറമുണ്ടായിരുന്നു. നൈറ്റ് റൈഡേഴ്സിനുമേൽ സൺറൈസേഴ്സിന്റെ ശക്തമായ ആധിപത്യം. ട്രാവിസ് ഹെഡും ഹെൻറിച്ച് ക്ലാസനും തകർത്തടിച്ചു. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ സൺറൈസേഴ്സിന്റെ പേരിലായി. പിന്നെ 110 റൺസിന്റെ തകർപ്പൻ വിജയവും. അടുത്ത സീസണിലേക്ക് ഓറഞ്ച് ആർമിക്ക് ആത്മവിശ്വാസത്തോടെ നീങ്ങാം. അവരുടെ പ്രതികാര കഥ പൂർത്തിയായിരിക്കുന്നു.
Content Highlights: SRH fulfill revenge against KKR on consecutive defeats