എന്നും ഓസീസിന്റെ പേടിസ്വപ്നം, നോക്കൗട്ട് മത്സരങ്ങളിലെ യുവിയുടെ തിളക്കമാർന്ന ഇന്നിങ്സുകൾ

നോക്കൗട്ട് റൗണ്ടുകളുടെ തല തൊട്ടപ്പന്മാരായ ഓസീസിനെ സ്ഥിരമായി മുട്ടുകുത്തിച്ച ദാവീദായിരുന്നു യുവി.

എന്നും ഓസീസിന്റെ പേടിസ്വപ്നം, നോക്കൗട്ട് മത്സരങ്ങളിലെ യുവിയുടെ തിളക്കമാർന്ന ഇന്നിങ്സുകൾ
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ് യുവരാജ് സിങ്ങിന്റെ 43-ാം പിറന്നാളാണ് ഇന്ന്. ഇന്ത്യയെ 2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങൾ അണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് യുവി. ലോക ക്രിക്കറ്റിലെ അതികായരായ മൈറ്റി ഓസീസിന്റെ പേടി സ്വപ്‍നം. നോക്കൗട്ട് റൗണ്ടുകളുടെ തല തൊട്ടപ്പന്മാരായ ഓസീസിനെ സ്ഥിരമായി മുട്ടുകുത്തിച്ച ദാവീദായിരുന്നു യുവി. ഇന്ത്യ ഓസീസിനെതിരെ ലോകകപ്പ് ചരിത്രത്തിൽ ജയിച്ച നാല് നോക്കൗട്ട് മത്സരങ്ങളിൽ മൂന്നിലും കളിയുടെ താരം ആ നാലാം നമ്പറുകാരനായിരുന്നു. 2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 1998 ലെയും 2000 ലെയും ചാമ്പ്യൻസ് ട്രോഫികളുമായിരുന്നു അത്.

2000 ചാമ്പ്യൻസ് ട്രോഫി നോക്കൗട്ടിൽ 80 പന്തിൽ 12 ഫോറുകളടക്കം 84 റൺസായിരുന്നു യുവി നേടിയത്. ഗാംഗുലി, സച്ചിൻ, ദ്രാവിഡ്, കാംബ്ലി, തുടങ്ങി മാഹാരഥന്മാർ വീണപ്പോൾ ഇന്ത്യയെ കരക്കെത്തിച്ചത് അന്നത്തെ 19 കാരനായിരുന്നു. മത്സരത്തിൽ പത്ത് റൺസിനാണ് ഇന്ത്യ ജയിച്ചത്. 2007 ടി 20 ലോകകപ്പിൽ സെമി ഫൈനലിലായിരുന്നു യുവിയുടെ മറ്റൊരു രക്ഷാപ്രവർത്തനം. വെറും 30 പന്തിൽ അഞ്ച് സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 233 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശി 70 റൺസ് നേടിയ താരം ബ്രെറ്റ് ലീയെ ഫ്ലിക്ക് ഷോട്ടിൽ 119 മീറ്റർ ദൂരത്തേക്ക് പറത്തിവിടുകയും ചെയ്തു. 15 റൺസിന് ജയിച്ച് ഫൈനലിലിലെത്തിയ ഇന്ത്യ ധോണിയുടെ കീഴിൽ കിരീടം നേടുകയും ചെയ്തു.

yuvi

2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിലായിരുന്നു മറ്റൊരു ഓസീസ് വധം. ഓസീസിനെതിരെ ശ്വാസകോശത്തില്‍ ട്യൂമറുമായി വന്ന് ചോര തുപ്പിയും വിയർപ്പ് നനഞ്ഞും നടത്തിയ ഓൾ റൗണ്ടർ പ്രകടനവും ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാൻ വഴിയില്ല. അന്ന് 65 പന്തിൽ 57 റൺസെടുത്ത് വാലറ്റക്കാരെ ചേർത്ത് പിടിച്ച് യുവി നടത്തിയ പ്രകടനമാണ് ഇന്ത്യയെ സെമിയിലെത്തിച്ചതും പിന്നീട് ഇന്ത്യ കപ്പെടുത്തതും. തന്റെ ആരധനാപാത്രമായ സച്ചിന് വേണ്ടിയുള്ള സമർപ്പണം കൂടിയായിരുന്നു യുവിക്ക് ആ പോരാട്ടം. ബൗൾ കൊണ്ട് 15 വിക്കറ്റും ബാറ്റ് കൊണ്ട് 362 റണ്‍സുമാണ് ആ ലോകകപ്പിൽ യുവി നേടിയത്. യുവി തന്നെയായിരുന്നു ആ ടൂർണമെന്റിലെ താരവും.

മൈറ്റി ഓസീസിനെ വെല്ലുന്ന ഈ മൂന്ന് തകർപ്പൻ പ്രകടനത്തിന് പുറമെ യുവിയുടെ 2007 ടി20 ലോകകപ്പിലെ ഓരോവറിലെ ആറ് സിക്സറുകളും കാണികളെ ഏറെ ത്രസിപ്പിച്ചതാണ്. തന്നെ പ്രകോപിച്ചതിന് പകരമായി ഇംഗ്ലണ്ട് ഇതിഹാസ പേസർ സ്റ്റുവർട്ട് ബോഡിനെയാണ് യുവി ഓവർ മുഴുവൻ സിക്സർ പറത്തിയത്.

യുവരാജ് സിങ്

ഡിസംബർ 1981 ഡിസംബർ 12 നാണ് യുവരാജ് സിങ് ജനിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടറായ യുവരാജ് കളിക്കാനിറങ്ങിയതും 12-ാം നമ്പർ ജഴ്‌സിയിലായിരുന്നു. ഇഷ്ട നമ്പറും അതായിരുന്നു. ഇത് മാത്രമല്ല യുവിയുടെ കാര്യത്തിൽ 12-ാം നമ്പറിൽ ഒരുപാട് കൗതുകങ്ങളുണ്ട്. യുവി ജനിച്ച സ്ഥലത്തെ പേര് സെക്ടർ 12 ചത്തീസ്ഖണ്ഡ് എന്നാണ്. ടി 20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി താരം നേടിയതും 12 പന്തിൽ നിന്നായിരുന്നു.

Content Highlights: Birthday tribute to India's fearless all-rounder and a true champion, Yuvraj Singh!

dot image
To advertise here,contact us
dot image