Top

ആ വിജയമധുരം അലിഞ്ഞുതീര്‍ന്നു; സഞ്ജുവിന് വീണ്ടും വിമര്‍ശനവും പിഴയും

''ഈ സമീപനത്തില്‍ മാറ്റം വന്നാലേ ദേശീയ ടീമില്‍ ഇടം ഉറപ്പിക്കാനാകൂ. ദൈവം തന്നെ പ്രാഗല്‍ഭ്യം കളഞ്ഞുകുളിക്കുകയാണ് സഞ്ജു ഇപ്പോള്‍ ചെയ്യുന്നത്. ഇതു തുടര്‍ന്നാല്‍ അതു കരിയറിനു തന്നെ ഭീഷണിയാകും''

22 Sep 2021 11:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ വിജയമധുരം അലിഞ്ഞുതീര്‍ന്നു; സഞ്ജുവിന് വീണ്ടും വിമര്‍ശനവും പിഴയും
X

പഞ്ചാബ് കിങ്‌സ് ഇലവനെതിരേ സഞ്ജു സാംസണിന്റെ നായകമികവില്‍ അവസാന ഓവറില്‍ ത്രില്ലിങ് വിജയം നേടി 24 മണിക്കൂര്‍ തികയും മുമ്പ സഞ്ജു വീണ്ടും കുരിശിലേറുന്നു. മോശം ബാറ്റിങ് പ്രകടനവും ടീമിന്റെ മോശം ഓവര്‍ റേറ്റുമാണ് മലയാളി താരത്തിനു തിരിച്ചടിയായിരിക്കുന്നത്.

കുറഞ്ഞ ഓവര്‍ നിരക്കിന് രാജസ്ഥാന്‍ നായകനായ സഞ്ജുവിന് 12 ലക്ഷം രൂപ ബി.സി.സി.ഐ. പിഴയായി വിധിച്ചപ്പോള്‍ മോശം ബാറ്റിങ് പ്രകടനത്തിന് ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന്റെ അതിരൂക്ഷ വിമര്‍ശനമാണ് താരത്തിനു നേരിടേണ്ടി വന്നത്.

അവസാന ഓവര്‍ ത്രില്ലറിലേക്കു നീണ്ട മത്സരത്തില്‍ വളരെ കുറഞ്ഞ ഓവര്‍നിരക്കിലാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു തീര്‍ത്തത്. 19-ാം ഓവര്‍ വരെ അടിച്ചു തകര്‍ത്ത പഞ്ചാബ് ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാനായി ഫീല്‍ഡ് സെറ്റിങ്ങിന് കൂടുതല്‍ സമയം ചെലവഴിച്ചതാണ് ഇതിനു കാരണം.

ഈ സീസണില്‍ ടീം ആദ്യമായാണ് കുറഞ്ഞ ഓവര്‍നിരക്കില്‍ പന്തെറിയുന്നതെന്നതിനാലാണ് ശിക്ഷ പിഴയില്‍ ഒതുങ്ങിയത്. വീണ്ടും ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്നു വിലക്ക് നേരിടേണ്ടി വരും.

അതേസമയം സഞ്ജുവിന്റെ മോശം ബാറ്റിങ്ങാണ് ഇന്ത്യന്‍ ഇതിഹാസം ഗാവസ്‌കറിനെ ചൊടിപ്പിച്ചത്. ''ദൈവം തന്നെ വൈഭവം സഞ്ജു വെറുതേ നശിപ്പിക്കുകയാണ്'' എന്നാണ് ഗാവസ്‌കര്‍ വിമര്‍ശിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ചു പന്തില്‍ നിന്ന് വെറും നാലു റണ്‍സ് മാത്രം നേടിയാണ് സഞ്ജു നിരാശപ്പെടുത്തിയത്.

മലയാളി താരത്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ചാണ് ഗാവസ്‌കര്‍ വിമര്‍ശനം ഉന്നയിച്ചത്. ''രാജസ്ഥാനു വേണ്ടിയായാലും ഇന്ത്യക്കു വേണ്ടിയായാലും സഞ്ജു ഓപ്പണറായല്ല കളിക്കുന്നത്. മൂന്നാമനോ നാലാമനോ ആയാണ് ഇറങ്ങുക. ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീണ ശേഷം വരുന്ന ബാറ്റ്‌സ്മാന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്കു ശ്രമിക്കുന്നത് ബുദ്ധിമോശമാണ്. ഒരു താരം തന്റെ ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന അവസ്ഥയില്‍പ്പോലും അത്തരത്തില്‍ ചെയ്യാന്‍ പാടില്ല. സിംഗിളുകളും ഡബിളുകളുമായി പിച്ചിനോടും സാഹചര്യത്തോടും പൊരുത്തപ്പെട്ടു ബാറ്റ്് ചെയ്യുകയാണ് വേണ്ടത്.''- ഗാവസ്‌കര്‍ പറഞ്ഞു.

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ കഴിയാത്തതിനു പിന്നിലും ഈ സമീപനമാണെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. സ്ഥിരത പുലര്‍ത്താന്‍ സഞ്ജുവിന് കഴിയുന്നില്ലെന്നും അനാവശ്യഷോട്ട് കളിച്ച് ലഭിക്കുന്ന അവസരങ്ങള്‍ തുലച്ചുകളയുകയാണ് സഞ്ജുവിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ഈ സമീപനത്തില്‍ മാറ്റം വന്നാലേ ദേശീയ ടീമില്‍ ഇടം ഉറപ്പിക്കാനാകൂ. ദൈവം തന്നെ പ്രാഗല്‍ഭ്യം കളഞ്ഞുകുളിക്കുകയാണ് സഞ്ജു ഇപ്പോള്‍ ചെയ്യുന്നത്. ഇതു തുടര്‍ന്നാല്‍ അതു കരിയറിനു തന്നെ ഭീഷണിയാകും''-ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

Popular Stories

    Next Story