
ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ ചരിത്രജയവുമായി ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗാസി. ടൂർണമെന്റിൽ തകർപ്പൻ വിജയത്തോടെ അർജുൻ സെമി ഫൈനലിലെത്തി. ക്വാർട്ടറിൽ ഉസ്‌ബെക്കിസ്താന്റെ നോദിർബെക് അബ്ദുസത്താറോവിനെ കീഴടക്കിയാണ് അര്‍ജുന്‍റെ മുന്നേറ്റം.
ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും അർജുൻ എരിഗാസി സ്വന്തമാക്കി. സെമി ഫൈനലിൽ അര്‍മേനിയന്‍ താരം ലെവോണ്‍ ആരോണിയനെയാണ് അര്‍ജുൻ നേരിടുക. അതേസമയം ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. അമേരിക്കയുടെ ഫാബിയാനോ കരുവാനയോടാണ് പ്രഗ്നാനന്ദ അടിയറവ് പറഞ്ഞത്. കഴിഞ്ഞ ദിവസം മാഗ്നസ് കാൾസണെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ മുന്നേറിയത്.
ക്ലാസിക്കൽ ചെസിൽനിന്ന് വ്യത്യസ്തമായ ഫ്രീസ്റ്റൈൽ ഫോർമാറ്റിലാണ് ചാംപ്യൻഷിപ്പ്. ലോകത്തെ മികച്ച 16 താരങ്ങളാണ് രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഗ്രൂപ്പ് വൈറ്റിൽ നാലര പോയന്റുമായി ഒന്നാമയി ആയിരുന്നു പ്രഗ്നാനന്ദയുടെ ക്വാർട്ടർ പ്രവേശം. ഗ്രൂപ്പ് ബ്ലാക്കിൽ നാല് പോയന്റുമായി അർജുൻ എരിഗാസി മൂന്നാം സ്ഥാനം നേടിയാണ് ക്വാർട്ടർ ടിക്കറ്റെടുത്തിരുന്നത്.
Content Highlights: Arjun Erigaisi Creates History, Becomes First Indian To Reach Semifinals Of Freestyle Chess Grand Slam Tour