മൂന്നാം ടെസ്റ്റിൽ പ്രസിദ്ധിന് പകരം ബുംമ്ര വരും, മറ്റു മാറ്റങ്ങളില്ല: റിപ്പോർട്ട്

നിതീഷ് കുമാർ റെഡ്ഡിയെയും കരുൺ നായരെയും മൂന്നാം ടെസ്റ്റിലും കളിപ്പിക്കാനാണ് സാധ്യത

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റം മാത്രമാണ് ഉണ്ടാകുകയെന്ന് റിപ്പോർട്ട്. രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കപ്പെട്ട പേസ് ബൗളർ ജസ്പ്രീത് ബുംമ്ര മൂന്നാം ടെസ്റ്റിനുള്ള ടീമിലേക്ക് മടങ്ങിയെത്തും. ഇതോടെ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ നിന്ന് ഒഴിവാക്കും. മറ്റ് മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലെന്നാണ് സൂചനകൾ. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

എഡ്ജ്ബാസ്റ്റണിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം കളിച്ചത്. മുതിർന്ന താരം രവീന്ദ്ര ജഡേജയ്ക്കൊപ്പം വാഷിങ്ടൺ സുന്ദറും ഇന്ത്യൻ സ്പിൻ നിരയിൽ കളിച്ചിരുന്നു. ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ശുഭ്മൻ ​ഗില്ലിനൊപ്പം 144 റൺസ് കൂട്ടിച്ചേർത്ത സുന്ദർ ഇന്ത്യൻ ടീമിനായി നിർണായകമായ 42 റൺസും സംഭാവന ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 12 റൺസായിരുന്നു സുന്ദർ നേടിയത്. ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയതും സുന്ദറാണ്.

രണ്ടാം ടെസ്റ്റിൽ മികവിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെയും ആദ്യ രണ്ട് ടെസ്റ്റുകളിൽ മികവിലേക്ക് ഉയരാൻ സാധിക്കാതിരുന്ന കരുൺ നായരെയും മൂന്നാം ടെസ്റ്റിലും കളിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബുംമ്ര മടങ്ങിവരുമ്പോൾ പ്രസിദ്ധ് പുറത്തുപോകുമെന്നത് ഒഴിച്ചാൽ ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾ ഉണ്ടാകില്ല.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Bumrah back, Prasidh dropped, no more changes for India at Lords

dot image
To advertise here,contact us
dot image