Top

മെസിയില്ലാതെ ബാഴ്‌സ വിഷമിക്കുന്നു, ബാഴ്‌സയില്ലാതെ മെസിയും; സബ്‌സ്റ്റിറ്റിയൂഷന്‍ വിവാദത്തിനു പിന്നാലെ പരുക്ക്

''മെസിയുണ്ടായിരുന്നു കാലത്ത് മറ്റു താരങ്ങള്‍ എല്ലാം തന്നെ മെച്ചപ്പെട്ടിരുന്നു. അവരെയൊക്കെ മികച്ച പ്രകടനം കാഴ്ചവയ്പ്പിക്കാന്‍ മെസിയുടെ സാന്നിദ്ധ്യം സഹായിച്ചിരുന്നു. എന്നാല്‍ മെസി പോയതോടെ ക്ലബ് തന്നെ പ്രതിസന്ധിയിലായി''

22 Sep 2021 12:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെസിയില്ലാതെ ബാഴ്‌സ വിഷമിക്കുന്നു, ബാഴ്‌സയില്ലാതെ മെസിയും; സബ്‌സ്റ്റിറ്റിയൂഷന്‍ വിവാദത്തിനു പിന്നാലെ പരുക്ക്
X

ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയ ട്രാന്‍സ്ഫറായിരുന്നു അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുടെ സ്പാനിഷ് ക്ലബില്‍ നിന്നു ഫ്രഞ്ച് ക്ലബിലേക്കുള്ള കൂടുമാറ്റം. മെസിയില്ലാതെ ബാഴ്‌സ എങ്ങനെ കളിക്കുമെന്നും ബാഴ്‌സയുടെ സുരക്ഷിതത്വം ഇല്ലാതെ മെസി എങ്ങനെ പ്രകടനം നടത്തുമെന്നുമായിരുന്നു ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്.

ഇപ്പോള്‍ അതിന്റെ ചിത്രം ഏറെക്കുറേ വ്യക്തമായി വരികയാണ്. ഇരുകൂട്ടര്‍ക്കും പരസ്പര നഷ്ടങ്ങള്‍ മാത്രമാണ് ഈ ട്രാന്‍സ്ഫറിലൂടെ ഉണ്ടായിരിക്കുന്നതെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ബാഴ്‌സയില്‍ നിന്നു പടിയിറങ്ങേണ്ടി വന്നതു തന്നെ ബാധിച്ചോയെന്നു മെസി ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും മെസിയുടെ പടിയിറക്കം ടീമിനെ മൊത്തത്തില്‍ തകര്‍ത്തുകളഞ്ഞെന്നു വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍.

സ്പാനിഷ് ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും കനത്ത തിരിച്ചടികള്‍ നേരിട്ടതിനു പിന്നാലെയാണ് കോമാന്റെ അഭിപ്രായപ്രകടനം. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോട് 3-0ന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയ ബാഴ്‌സ ലാ ലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദുര്‍ബലരായ ഗ്രനഡയോട് 1-1 സമനില വഴങ്ങുകയും ചെയ്തു.

ലീഗില്‍ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും രണ്ടു സമനിലകളുമായി എട്ടു പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബാഴ്‌സ ഇപ്പോള്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ലാ ലിഗയില്‍ ബാഴ്‌സയുടെ ഏറ്റവും മോശം തുടക്കമാണിത്. ഇതിനു പിന്നാലെയായിരുന്നു കോമാന്റെ അഭിപ്രായപ്രകടനം.

മെസി ക്ലബ് വിട്ടത് ബാഴ്‌സയ്ക്കു വലിയ ക്ഷീണമായെന്നും മെസിയായിരുന്നു ടീമിന്റെ പ്രശ്‌നങ്ങള്‍ എല്ലാം തുന്നിക്കൂട്ടി ശരിയാക്കിയിരുന്നതെന്നും ഇപ്പോള്‍ അതല്ല അവസ്ഥയെന്നും കോമാന്‍ പറഞ്ഞു. ''മെസിയുണ്ടായിരുന്നു കാലത്ത് മറ്റു താരങ്ങള്‍ എല്ലാം തന്നെ മെച്ചപ്പെട്ടിരുന്നു. അവരെയൊക്കെ മികച്ച പ്രകടനം കാഴ്ചവയ്പ്പിക്കാന്‍ മെസിയുടെ സാന്നിദ്ധ്യം സഹായിച്ചിരുന്നു. എന്നാല്‍ മെസി പോയതോടെ ക്ലബ് തന്നെ പ്രതിസന്ധിയിലായി'' -കോമാന്‍ പറഞ്ഞു.

അതേസമയം ബാഴ്‌സ വിട്ടു പി.എസ്.ജിയിലെത്തിയ മെസിയും സമാന അവസ്ഥയിലാണ്. ബാഴ്‌സയില്‍ കിട്ടിയിരുന്നു സ്ഥാനവും പ്ലേയിങ് സാഹചരങ്ങളുമൊന്നും മെസിക്ക് പി.എസ്.ജിയില്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പി.എസ്.ജിക്കായി ലീഗ് മത്സരത്തില്‍ മുഴുവന്‍ സമയം കളിക്കാന്‍ മെസിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ആദ്യ ഇലവനില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും 76-ാം മിനിറ്റില്‍ താരത്തെ കോച്ച് മൗറീഷ്യോ പോച്ചെറ്റീനോ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. കോച്ചിന്റെ തീരുമാനത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചാണ് മെസി ഗ്രൗണ്ട് വിട്ടത്.

കരിയറില്‍ അപൂര്‍വം ചില അവസരങ്ങള്‍ മാത്രമേ മെസിക്ക് ഇത്തരം അനുഭവമുണ്ടായിട്ടുള്ളു. ആദ്യ വിസില്‍ മുതല്‍ ഫൈനല്‍ വിസില്‍ വരെ ഗ്രൗണ്ടില്‍ ടീമിനായി കളിക്കുന്ന മെസിയെയാണ് ഇതുവരെ കണ്ടിട്ടുള്ളു. ഇതിനു മുമ്പ് 2008-ല്‍ മാത്രമാണ് പരുക്കൊന്നും പറ്റാതെ മെസി സ്ബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടിട്ടുള്ളു. അതിനു ശേഷം 13 വര്‍ഷം പിന്നിട്ടപ്പോള്‍ പി.എസ്.ജിയില്‍ നേരിട്ട ഈ അവസ്ഥയില്‍ താരത്തിന് രോഷം അടക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഈ സംഭവത്തിനു പിന്നാലെ പരുക്കേറ്റതായി തെളിഞ്ഞതോടെ താരം പി.എസ്.ജിയുടെ അടുത്ത മത്സരത്തില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറേ വ്യക്തമായി. കാല്‍മുട്ടിനാണ് പരുക്കേറ്റിരിക്കുന്നതെന്നും ഫ്രഞ്ച് ലീഗില്‍ മെറ്റ്‌സിനെതിരായ മത്സരത്തില്‍ താരം കളിക്കില്ലെന്നും പി.എസ്.ജി. വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. അതിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.


Popular Stories

    Next Story