

യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യൻമാരായ സ്പെയ്നിന് തോൽവി. മാഡ്രിഡിലെ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി. സ്പെയിനിന്റെ 43 മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമായത്.
ഇംഗ്ലണ്ടിനായി ഹാരി കെയ്നും എസ്രി കൊൻസയും ബെൻ വൈറ്റും ഗോൾ നേടിയപ്പോൾ സ്പെയ്നിനായി മികേൽ ഒയാർസബാലും നിക്കോ വില്യംസും വലകുലുക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെനാൽറ്റിയിലൂടെ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 53–ാം മിനിറ്റിൽ എസ്രി കോൺസയും 57–ാം മിനിറ്റിൽ ബെൻ വൈറ്റും ഗോൾ നേടിയതോടെ ലീഡ് 3–0 ആയി ഉയർന്നു.
എന്നാൽ 63–ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സൺ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കളിയുടെ ഗതി മാറി. ലമീൻ യമാലിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. പിന്നാലെ 65ാം മിനിറ്റിൽ മികേൽ ഒയാർസബാൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി. 75–ാം മിനിറ്റിൽ നിക്കോ വില്യംസും ഗോൾ നേടി. അവസാനനിമിഷങ്ങളിൽ സമനില ഗോളിനായി സ്പെയ്ൻ നിരന്തരം ആക്രമിച്ചെങ്കിലും വല കുലുക്കാനായില്ല.
നിലവിൽ ഗ്രൂപ്പ് എ3യിൽ ഇരുടീമുകൾക്കും 15 പോയിന്റ് വീതമുണ്ട്. ഗോൾവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഇരു ടീമുകളും 2027 മാർച്ചിൽ നടക്കുന്ന നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
content highlights: world champions fall england wins thrilling uefa nations league clash