

പ്രീ-സീസണ്‍ മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനം തുടര്‍ന്ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്സനല്‍. പ്രതിരോധ നിരയിലെ പിഴവുകള്‍ വില്ലനായപ്പോള്‍ സ്വന്തം തട്ടകത്തില്‍ നടന്ന എമിറേറ്റ്‌സ് കപ്പ് കലാശപ്പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് 2-3 എന്ന സ്‌കോറിനാണ് ആഴ്സനല്‍ പരാജയപ്പെട്ടത്. പ്രീ-സീസണിലെ ആദ്യ മത്സരത്തില്‍ ജിറോണയെ 4-1 ന് തോല്‍പ്പിച്ചെങ്കിലും, തൊട്ടടുത്ത മത്സരത്തില്‍ റയല്‍ ബെറ്റിസിനോട് 3-1 ന് ആഴ്സനല്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം തോല്‍വി.
മത്സരത്തില്‍ രണ്ടുഗോളിന് പിന്നിലായ ശേഷം തിരിച്ചുവരാന്‍ ആഴ്സനല്‍ ശ്രമിച്ചെങ്കിലും 58-ാം മിനിറ്റില്‍ ജോവാനെ ഗാഡു നേടിയ ഗോള്‍ ഡോര്‍ട്ട്മുണ്ടിന്റെ വിജയം ഉറപ്പിച്ചു. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ലഭിച്ച നിരവധി അവസരങ്ങള്‍ ആഴ്സനല്‍ പാഴാക്കി. വിക്ടര്‍ ഗ്യോക്കറസിന്റെ ഒരു ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സാമുവല്‍ ഇനാസിയോ, 29-ാം മിനിറ്റില്‍ 18-കാരന്‍ കോണ്‍സ്റ്റാന്റിനോസ് കരെറ്റ്സാസ് എന്നിവരിലൂടെ ജര്‍മന്‍ ക്ലബ്ബായ ഡോര്‍ട്ട്മുണ്ട് 2-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ഈതന്‍ എന്‍വാനേരിയിലൂടെ (54-ാം മിനിറ്റ്) ആഴ്സനല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും 58-ാം മിനിറ്റില്‍ ജോനെ ഗാഡു ഡോര്‍ട്ട്മുണ്ടിന്റെ മൂന്നാം ഗോള്‍ നേടി. 69-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടര്‍ ഗ്യോക്കറസ് ആഴ്സനലിന് പ്രതീക്ഷ നല്‍കിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിന് ഏഴ് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ആഴ്സനലിനും മാനേജര്‍ മിഖേല്‍ അര്‍റ്റേറ്റയ്ക്കും മുന്‍പില്‍ പരിഹരിക്കാന്‍ ഏറെ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം. പ്രതിരോധത്തിലെ പിഴവ് പരിഹരിക്കാനാകും ആഴ്‌സനലിന്റെ ആദ്യശ്രമം. അതേസമയം, എമിറേറ്റ്‌സ് കപ്പ് ഫൈനലില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ തോറ്റത് ആഴ്‌സനലിന് കടുത്ത ക്ഷീണമാകും.
മത്സരശേഷം ആഴ്സനല്‍ മാനേജര്‍ മിഖേല്‍ അര്‍റ്റേറ്റയുടെ പ്രതികരണം ഇങ്ങനെ; 'ഞങ്ങള്‍ കളി തോറ്റു, അതില്‍ ഒട്ടും സന്തോഷവാനല്ല. തീര്‍ച്ചയായും പല കാര്യങ്ങളിലും മാറ്റം വരുത്താനുണ്ട്. ചില കളിക്കാര്‍ക്ക് ടീമില്‍ താളം കണ്ടെത്താന്‍ സമയമെടുക്കും. വരും മത്സരങ്ങളില്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. സൗഹൃദ മത്സരമായാലും ടെസ്റ്റ് മത്സരമായാലും തോല്‍വി വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. പ്രധാനപ്പെട്ട പല കളിക്കാരെയും ഞങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. കളിക്കുന്നതില്‍ ചിലര്‍ക്ക് ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടുമില്ല. ഈ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും..' -അര്‍റ്റേറ്റ പറഞ്ഞു. 'കഴിഞ്ഞ മത്സരത്തിലും ഇന്നും ചില മോശം ഗോളുകളാണ് ഞങ്ങള്‍ വഴങ്ങിയത്. അത് ടീമിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും ഞങ്ങള്‍ മികച്ച പ്രകടനത്തിനായി ശ്രമിക്കും' -അര്‍റ്റേറ്റ കൂട്ടിച്ചേര്‍ത്തു.
ലിവര്‍പൂളിനും തോല്‍വി
പ്രീ-സീസണ്‍ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിനും തോല്‍വി പ്രഹരം. മൊണാക്കോയോട് രണ്ടിനെതിരെ മൂന്നുഗോളിനാണ് തോറ്റത്. മാഞ്ചെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്നുഗോളിന് അത്‌ലറ്റിക്കോ മഡ്രിഡിനെ തോല്‍പ്പിച്ചു.
content highlights: Arsenal Suffer Second Consecutive Pre-Season Defeat; Lose Emirates Cup Title