

ഫുട്‌ബോള്‍ ലോകകപ്പിന്റെ അമേരിക്കന്‍ പതിപ്പ് യൂട്യൂബ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടതായി മാറിയെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. ലോകകപ്പ് ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള 170 കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ ലോകകപ്പുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണാന്‍ എത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെ സുന്ദര്‍ പിച്ചൈ തന്നെയാണ് ഈ വലിയ നേട്ടം പങ്കുവെച്ചത്. യൂട്യൂബില്‍ ലോകകപ്പുമായി ബന്ധപ്പെട്ട വീഡിയോകളുടെ ആകെ ലൈഫ്ടൈം വ്യൂകള്‍ 20,000 കോടി പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി.
'കണക്കുകള്‍ പുറത്തുവന്നു. ടൂര്‍ണമെന്റിലുടനീളം ലോകകപ്പ് വീഡിയോകള്‍ കാണാന്‍ 170 കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ എത്തിയത്. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലോകകപ്പാണിത്. ഇതോടെ ലോകകപ്പുമായി ബന്ധപ്പെട്ട വീഡിയോകളുടെ ആകെ വ്യൂകള്‍ 20,000 കോടി കടന്നു!' -സുന്ദര്‍ പിച്ചൈ പറഞ്ഞു.
ക്രിയേറ്റര്‍മാര്‍ക്ക് വന്‍ ജനപ്രീതി
യൂട്യൂബ് സി.ഇ.ഒ നീല്‍ മോഹനും വ്യൂവര്‍ഷിപ്പ് വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവെച്ചു. ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിക്കുന്നതില്‍ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ വഹിച്ച പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. വ്യത്യാസമാര്‍ന്ന കമന്ററികളും നിരീക്ഷണങ്ങളുമായി എത്തിയ യൂട്യൂബ് ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് മാത്രം ടൂര്‍ണമെന്റിലുടനീളം 250 കോടിയിലധികം വ്യൂകള്‍ ലഭിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച 'ക്രിയേറ്റര്‍ കപ്പ്' ലൈവ് സ്ട്രീമിംഗിന് 1 കോടിയിലധികം വ്യൂകള്‍ ലഭിച്ചു. ടൂര്‍ണമെന്റിലുടനീളം ആരാധകര്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കിയ പങ്കാളികള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നീല്‍ മോഹന്‍ നന്ദി രേഖപ്പെടുത്തി.
സ്‌പെയിനും അഭിനന്ദനം
ലോകകപ്പില്‍ മുത്തമിട്ട സ്പാനിഷ് ടീമിനെ ഗൂഗിളും യൂട്യൂബും അഭിനന്ദിച്ചു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്‌പെയിന്‍ ചാമ്പ്യന്മാരായത്. മത്സരത്തിലുടനീളം സ്‌പെയിന്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ 12 തകര്‍പ്പന്‍ സേവുകളാണ് സ്‌പെയിനിനെ നിശ്ചിത സമയത്ത് തടഞ്ഞുനിര്‍ത്തിയത്. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ അസിസ്റ്റില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് നേടിയ നിര്‍ണായക ഗോളിലൂടെ സ്‌പെയിന്‍ വിജയകിരീടം ചൂടുകയായിരുന്നു. 2010-ലെ ആദ്യ കിരീടനേട്ടത്തിന് ശേഷം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്‌പെയിന്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് സ്വന്തമാക്കുന്നത്.
content highlights: Record-Breaking World Cup on YouTube: Highest Viewership in History, Says Google CEO