പൊളിറ്റിക്കല്‍ ക്രമിനല്‍ പരാമര്‍ശം: സിപിഐഎം-ജി സുധാകരന്‍ തര്‍ക്കം നിയമ പോരിലേക്ക്

എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്ന് എച്ച് സലാം

പൊളിറ്റിക്കല്‍ ക്രമിനല്‍ പരാമര്‍ശം: സിപിഐഎം-ജി സുധാകരന്‍ തര്‍ക്കം നിയമ പോരിലേക്ക്
dot image

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം-ജി സുധാകരന്‍ തര്‍ക്കം നിയമപോരിലേക്ക്. പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ എച്ച് സലാം നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്ന് എച്ച് സലാം പ്രതികരിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ജി സുധാകരന്‍ വര്‍ഗീയത വിളമ്പുകയാണെന്നും മുന്‍ എംഎല്‍എ തുറന്നടിച്ചു.

2021ല്‍ തെരഞ്ഞെടുപ്പ് ചുമതല ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചു. പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ല. സുധാകരന്‍ പറഞ്ഞ കണക്ക് വ്യത്യസ്തമാണ്. സുധാകരനെതിരെ പാര്‍ട്ടി പരിശോധിച്ച കുറ്റങ്ങളില്‍ ഒന്ന് ഈ സാമ്പത്തിക കുറ്റമാണ്. പിരിച്ച പണത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. കോടതിയില്‍ ചോദ്യം വരുമ്പോള്‍ ചിലപ്പോള്‍ ഓണാട്ടുകരഭാഷ എന്ന് പറയുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

'ജി സുധാകരന്‍ മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദി എന്ന് വിളിച്ചു. ഒരാളെ ഇല്ലാതാക്കാന്‍ പകരം ജാതിയും മതവും ഉപയോഗിക്കും. 2021ലെ തെരഞ്ഞെടുപ്പില്‍ എന്നെയും സുധാകരന്‍ തീവ്രവാദിയാക്കാന്‍ ശ്രമിച്ചു. മറ്റൊരാളോട് ദേഷ്യം തോന്നിയാല്‍ ജാതിയും മതവും വര്‍ഗീയതയും ടൂളായി ഉപയോഗിക്കരുത്. സുധാകരന്റേത് കള്‍ച്ചര്‍ലെസ്സ് രീതിയാണ്. വളാ വളാന്ന് വിവരക്കേട് പറയുകയാണ്', എച്ച് സലാം പ്രതികരിച്ചു.

സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സാണ് ഇപ്പോഴുള്ളതെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. രണ്ടുമാസം മുന്‍പ് സ്ത്രീജനങ്ങളുടെ പ്രതിഷേധം തനിക്കെതിരെ നടന്നിരുന്നു. 12 പേര്‍ തികച്ച് ഇല്ലായിരുന്നു. അഭിമാനമുളള സ്ത്രീകളാരും അവിടെ വരില്ലെന്നും സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണ് ഇപ്പോഴുളളതെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിരിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയാല്‍ എച്ച് സലാം ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. അമ്പലപ്പുഴയില്‍ തനിക്കെതിരെ കയ്യേറ്റമുണ്ടായെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂളിലെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രിയെയും തദ്ദേശ വകുപ്പ് മന്ത്രിയെയും അറിയിച്ചെന്നും എംഎല്‍എ അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: The dispute between CPI(M) and G Sudhakaran over the "political criminal" remark is set to enter a legal battle.

dot image
To advertise here,contact us
dot image