ഹെഡിങ് ഗുരുതരം, ആഘാതം കുറയ്ക്കാന്‍ പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തും

ഫുട്‌ബോള്‍ താരങ്ങളില്‍ തലച്ചോറിലെ ക്ഷതം മറവിരോഗത്തിനടയാക്കുമെന്ന് കണ്ടെത്തല്‍

ഹെഡിങ് ഗുരുതരം, ആഘാതം കുറയ്ക്കാന്‍ പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തും
dot image

കാര്യം നിസ്സാരമല്ല. വെടിയുണ്ടയേല്‍ക്കുമ്പോഴോ സ്‌ഫോടനങ്ങള്‍ നടക്കുമ്പോഴോ ഉണ്ടാകുന്ന ആഘാതത്തിന് സമാനമാണ് തലകൊണ്ട് പന്ത് തട്ടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന മറവിരോഗം, തലച്ചോറിനെ ബാധിക്കുന്ന സിടിഇ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ഹെഡിങിന്് നേരിട്ട് ബന്ധമുണ്ടെന്ന സംശയം പഠനത്തോടെ ബലപ്പെട്ടു.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ സര്‍വസാധാരണമായ ഹെഡിങ്ങിനെക്കുറിച്ചുള്ള പുതിയ പഠനമാണ് ഗുരുതര സാഹചര്യം വ്യക്തമാക്കിയത്. ലഫ്ബറോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ പിന്തുണയോടെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുന്നതിലൂടെ തലച്ചോറിലേക്കുള്ള ഈ ആഘാതം കുറയ്ക്കാന്‍ കഴിയുമെന്നും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി.

ചില ഫുട്‌ബോള്‍ പന്തുകള്‍ മറ്റ് പന്തുകളെ അപേക്ഷിച്ച് 55 മടങ്ങ് വരെ കൂടുതല്‍ ആഘാതം തലച്ചോറിലുണ്ടാക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. ഒരു നൂറ്റാണ്ടിനിടെ വിവിധ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചിരുന്ന പന്തുകള്‍ ഉപയോഗിച്ചായിരുന്നു ഗവേഷണം. കൃത്രിമ മനുഷ്യത്തല നിര്‍മ്മിച്ച് വേഗത്തില്‍ പന്തുകള്‍ ഇടിപ്പിച്ച് നടത്തിയ പരീക്ഷണത്തില്‍ വലിയ തോതില്‍ ആഘാതമുണ്ടാകുന്നതായി കണ്ടെത്തി. പന്തിന്റെ രൂപകല്‍പ്പന, വേഗത, പന്ത്് നനഞ്ഞതാണോ അല്ലയോ തുടങ്ങിയ കാര്യങ്ങളാണ് ആഘാതത്തിന്റെ തീവ്രത നിശ്ചയിക്കുന്നത്. ഹെഡ് ചെയ്യുമ്പോള്‍ തലച്ചോറിന്റെ മുന്‍ഭാഗത്തേക്ക് ഊര്‍ജ്ജം തള്ളിക്കയറുന്ന ഒരു പ്രത്യേക മര്‍ദ്ദ തരംഗം ഉണ്ടാവുകയാണ് ചെയ്യുന്നത്. അത്യന്തം അപകടകരമായ രീതിയിലാണ് താരങ്ങള്‍ പന്ത് ഹെഡിങ് ചെയ്യുന്നതെന്ന് ഗവേഷകനായ ഡോ ഇവാന്‍ ഫിലിപ്‌സ് പറയുന്നു. പഴയകാലത്തെ തുകല്‍ പന്തുകളും പുതിയ കാലത്തെ പന്തുകളും ഒരുപോലെ അപകടകാരികളാണെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരായ ഗോര്‍ഡന്‍ മക്വീന്‍, ജെഫ് ആസ്റ്റില്‍ തുടങ്ങിയവരുടെ മരണം ഹെഡിങ്് മൂലമുണ്ടായ തലച്ചോറിലെ ക്ഷതം കാരണമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. റിട്ടയര്‍ ചെയ്ത താരങ്ങളില്‍ കാണപ്പെടുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കും. ഹെഡിങിന് പുറമെ, ഇതിന് ശ്രമിക്കുമ്പോള്‍ രണ്ടുതാരങ്ങളുടെ തലകള്‍ കൂട്ടിയിടിക്കുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. നിലവില്‍ 11 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ ഹെഡിംഗ് നടത്തുന്നതിന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണല്‍ താരങ്ങളുടെ പരിശീലനത്തിലും ഹെഡിംഗിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഗവേഷണ റിപ്പോര്‍ട്ട് ഫിഫയ്ക്ക് ഉള്‍പ്പടെ അയച്ചിട്ടുണ്ട്.

content highlight: Heading is serious; ball design to be changed to reduce impact

dot image
To advertise here,contact us
dot image