യുവേഫ യൂത്ത് ലീ​ഗ് കിരീടം റയൽ മഡ്രിഡിന്

കലാശപ്പോരിൽ ക്ലബ്ബ് ബ്ര​​​ഗിനെ തോൽപ്പിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിൽ

യുവേഫ യൂത്ത് ലീ​ഗ് കിരീടം റയൽ മഡ്രിഡിന്
dot image

യുവേഫ യൂത്ത് ലീ​ഗ് ഫുട്ബോളിൽ രണ്ടാം കിരീടം നേടി റയൽ മഡ്രിഡ്. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 4-2നാണ് റയലിന്റെ ജയം. സ്പാനിഷ് താരം ഹാവി നവാരോയുടെ ​ഗോൾകീപ്പിങ് മികവിലാണ് റയലിന്റെ കിരീടനേട്ടം. നി‍ർണായകമായ രണ്ടുഷോട്ടുകളാണ് നവാരോ പ്രതിരോധിച്ചത്.

നിശ്ചിത സമയത്ത് ഓരോ ​ഗോൾ വീതം നേടി ടീമുകൾ സമനിലയായിരുന്നു. 23-ാം മിനിറ്റിൽ ​ഗോളടിച്ച് റയൽ മഡ്രിഡ് മുന്നേറ്റം തുടങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ക്ലബ്ബ് ബ്ര​ഗ് സമനില നേടി. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും റയൽ മഡ്രിഡ് വ്യക്തമായ ആധിപത്യം പുല‍ർത്തിയ മത്സരത്തിൽ, ക്ലബ് ബ്ര​ഗ് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 21 ഷോട്ടുകളാണ് ക്ലബ്ബ് ബ്ര​ഗിന്റെ വല ലക്ഷ്യമാക്കി റയൽ മഡ്രിഡ് തൊടുത്തത്. തുടരെയുള്ള റയലിന്റെ ആക്രമണത്തിനെ പ്രതിരോധിക്കാൻ ക്ലബ്ബ് ബ്ര​ഗിന്റെ മുഹമ്മദ് ​ഗലാൽ എൽബേയ്ക്കും സംഘത്തിനുമായി.


2019-20 സീസണിലാണ് റയൽ മഡ്രിഡ് ആദ്യമായി യൂത്ത് ലീ​ഗ് കിരീടം നേടിയിരുന്നത്.

യൂറോപ്യൻ ഫുട്ബോളിലെ പ്രതിഭകളെ കണ്ടെത്തുന്ന യൂത്ത് ലീ​ഗ് ഫുട്ബോളിന് പ്രാധാന്യമേറെയാണ്. 2013-ലാണ് യൂത്ത് ലീ​ഗ് ഫുട്ബോൾ തുടങ്ങിയത്. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിന്റെ ലീ​ഗ് ഘട്ടത്തിൽ മത്സരിക്കുന്ന ക്ലബ്ബുകളിലെ അണ്ട‍‍ർ 19 ടീമുകളും വിവിധ രാജ്യങ്ങളിൽനിന്ന് ആഭ്യന്തര ലീ​ഗുകളിൽ ജേതാക്കളാകുന്ന ടീമുകളുമാണ് യൂത്ത് ലീ​ഗിൽ കളിക്കുന്നത്.

യുവേഫ യൂത്ത് ലീ​ഗ് ഫുട്ബോളിന്റെ ഫൈനലിൽ രണ്ടുതവണ കളിച്ച റയൽ മഡ്രിഡ്, രണ്ടിലും കിരീടം നേടി. ഏറ്റവുമധികം കിരീടം നേടിയത് ചിരവൈരികളായ ബാഴ്സലോണയാണ്. മൂന്നെണ്ണം. 2014, 2018, 2025 വ‍‍ർഷങ്ങളിലാണ് ബാഴ്സലോണയുടെ കിരീടനേട്ടങ്ങൾ. ചെൽസി രണ്ടുകിരീടങ്ങൾ നേടിയിട്ടുണ്ട്. മുൻ യുവേഫ പ്രസിഡന്റ് ലെനാർട്ട് ജോഹാൻസണിന്റെ പേരിലുള്ള ട്രോഫിയാണ് യൂത്ത് ലീ​ഗ് ജേതാക്കൾക്കുള്ള സമ്മാനം.

content highlight: Real Madrid wins the UEFA Youth League title

dot image
To advertise here,contact us
dot image